ഭോപാല്‍: മധ്യപ്രദേശില്‍ ആള്‍ക്കൂട്ടം മധ്യവയസ്‌കനായ ദലിതനെ ഓടിച്ചിട്ടു പിടികൂടി തല്ലിക്കൊന്നു. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ലസൂദിയ അത്രി ഗ്രാമത്തിലാണ് സംഭവം. ഹിരാലാല്‍ ബഞ്ചാദ(58)യാണ് ദാരുണമായി കൊല്ലപ്പെട്ടത്.
മകന്‍ രാഹുലിനും മറ്റ് രണ്ടു പേര്‍ക്കുമൊപ്പം സഞ്ചരിക്കവെയാണ് ഹിരാലാലിനെ ആള്‍ക്കൂട്ടം ആക്രമണത്തിനിരയാക്കിയത്. എന്നാല്‍ തങ്ങളുടെ കൃഷിയിടത്തിലൂടെ ഓടുന്നതു കണ്ട നാലുപേരെയും പിന്തുടര്‍ന്നു പിടികൂടുകയായിരുന്നുവെന്നും മയിലുകളെ വേട്ടയാടുകയായിരുന്നു ഇവരെന്നുമാണ് പ്രദേശവാസികളുടെ വാദം. മയിലുകളെ വേട്ടയാടിയതിനെ തുടര്‍ന്നാണ് തങ്ങള്‍ ഹിരാലാലിനെ മര്‍ദിച്ചതെന്നും ഇവരില്‍ നിന്നും നാലു ചത്ത മയിലുകളെ കണ്ടെടുത്തുവെന്നും അക്രമികള്‍ പറഞ്ഞു.
ക്രൂരമര്‍ദനത്തിനു ശേഷം വയലില്‍ ഉപേക്ഷിച്ച ഹിരാലാലിനെ പോലിസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ആക്രമണം നടത്തിയ 9 പേരെ അറസ്റ്റ് ചെയ്തുവെന്നറിയിച്ച പോലിസ്, കൊല്ലപ്പെട്ട ഹിരാലാലിനും മകനും അടക്കം നാലുപേര്‍ക്കെതിരേയും കേസെടുത്തതായും അറിയിച്ചു. മയിലിനെ കൊന്നതിനാണ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്.
മധ്യപ്രദേശിലെ തന്നെ റായ്‌സണ്‍ ജില്ലയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാനസിക വെല്ലുവിളി നേരിടുന്നയാള്‍ ഇന്നലെയാണ് മരിച്ചത്. ഈ സംഭവത്തില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. ഇതിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.