മയിലുകളുടെ എണ്ണപ്പെരുപ്പവും ഈത്തപ്പഴക്കുലകളും വിപല്‍സൂചനയാകുന്നതെന്തുകൊണ്ട്
ഉഷ്ണപ്പക്ഷിയാണ് മയില്‍. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളാണ് അവക്കിഷ്ടം. കുറ്റിക്കാടുകളും പാറക്കെട്ടുകളുമാണ് മയിലുകളുടെ ജീവിതപരിസരങ്ങള്‍.
വീട്ടുമുറ്റത്തെത്തുന്ന മയിലുകള്‍ ചിലയിടങ്ങളിലെങ്കിലും ഇന്നൊരു അപൂര്‍വ്വ കാഴ്ച്ചയല്ലാതായി മാറിയിട്ടുണ്ട്. മൃഗശാലയില്‍ പോയി മാത്രം കണ്ടിരുന്ന മയിലുകള്‍ വീട്ടുമുറ്റത്തെത്തുമ്പോള്‍ അത് സന്തോഷം തന്നെയാണ് നല്‍കകുന്നത്, പീലിവിടര്‍ത്തിയാടുന്ന മയിലിന്റെ മനോഹാരിത കേരളത്തിലെ ചില ഗ്രാമങ്ങളിലെങ്കിലും പതിവുകാഴ്ച്ചയായി മാറിയിട്ട് കുറച്ചുവര്‍ഷങ്ങളായി. കുറ്റിക്കാടുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന മയിലിന്റെ ശബ്ദം കുട്ടികള്‍ക്കു പോലും പരിചിതമായിക്കഴിഞ്ഞു. കേരളത്തില്‍ മയിലുകള്‍ വര്‍ധിക്കുകയാണ് എന്നതിന്റെ അടയാളപ്പെടുത്തലാണ് ഇവയെല്ലാം. മയിലുകളുടെ വംശവര്‍ധന നല്‍കുന്ന സൂചനകള്‍ അത്ര നല്ലതല്ല എന്നു പറയേണ്ടിയിരിക്കുന്നു. കേരളം വരള്‍ച്ചയിലേക്ക് നീങ്ങുന്നു എന്നതിന്റെ മുന്നറിയിപ്പാണ് മയിലുകളുടെ എണ്ണപ്പെരുപ്പവും നാടിറക്കവും.
ഉഷ്ണപ്പക്ഷിയാണ് മയില്‍. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളാണ് അവക്കിഷ്ടം. കുറ്റിക്കാടുകളും പാറക്കെട്ടുകളുമാണ് മയിലുകളുടെ ജീവിതപരിസരങ്ങള്‍. നീര്‍വാര്‍ച്ചയുള്ള, വെള്ളം സുലഭമായി ലഭിക്കുന്ന താഴ്ന്ന പ്രദേശങ്ങളേക്കാള്‍ വരണ്ട കുന്നിന്‍പുറങ്ങളിലാണ് മയലുകളെ ഏറെയും കാണാനാവുക. കേരളത്തില്‍ മയിലുകളുടെ എണ്ണം വര്‍ധിക്കുന്നു എന്നത് നമ്മുടെ സംസ്ഥാന വരണ്ട പ്രദേശമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്നാണ് തെളിയിക്കുന്നത്.
മയിലുകള്‍ ഇല്ലാത്ത കേരളം
പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഡോ. സാലിം അലിയുടെ നേതൃത്വത്തില്‍ 1933ല്‍ മയിലുകളെ കണ്ടെത്താനായി സര്‍വ്വേ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഒരു മയിലിനെപ്പോലും കണ്ടെത്താനായിരുന്നില്ല. ആഴ്ച്ചകളോളം കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ സര്‍വ്വേയുടെ അവസാനം ഇവിടെ മയിലുകളില്ല എന്ന നിഗമനത്തിലാണ് സംഘം എത്തിച്ചേര്‍ന്നത്. സാലിം അലിയുടെ നിഗമനം ശരിവെക്കുന്ന തരത്തില്‍ പിന്നീട് നടന്ന സര്‍വേകളിലൊന്നും മയിലിന്റെ സാനിധ്യം കണ്ടെത്താനായില്ല. പിന്നീട് 30 വര്‍ഷങ്ങള്‍ക്കു ശേഷം 1963ണ് കേരളത്തില്‍ ആദ്യമായി മയിലിന്റെ സാനിധ്യം സര്‍വ്വേയില്‍ കണ്ടെത്തിയത്. പീച്ചി വാഴാനി വനത്തില്‍ 10 ഇടങ്ങളിലായി അ്ന്ന് മയിലുകളെ കണ്ടെത്തി.
മയിലുകളുടെ എണ്ണത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി വന്‍ വര്‍ധനവാണ് കേരളത്തിലും പ്രത്യേകിച്ച പാലക്കാട് ജില്ലയിലുമുണ്ടായതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചെന്നൈയിലെ സിപിആര്‍ പ്രകൃതി പഠന കേന്ദ്രം പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും കുറുക്കന്റെ എണ്ണത്തിലുണ്ടായ കുറവുമാണ് മയിലുകള്‍ പെരുകാന്‍ കാരണമായി പറയുന്നത്. പറ്റമായി മേഞ്ഞുനടക്കുന്ന മയിലുകള്‍ കൃഷി നശിപ്പിക്കുന്നത് പാലക്കാടന്‍ മേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. തമിഴ്‌നാട്ടില്‍ തക്കാളിക്ക് വില വര്‍ധിച്ചപ്പോള്‍ കാരണമായി പറഞ്ഞത് മയിലുകള്‍ കൃഷി നശിപ്പിക്കുന്നതിനാല്‍ തക്കാളി ഉല്‍പ്പാദനം കുറഞ്ഞു എന്നായിരുന്നു. ദേശീയ പക്ഷിയായ മയില്‍ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പക്ഷിയാണ്. അതു കൊണ്ടുതന്നെ മയിലുകളെ തുരത്തിയോടിക്കുന്നതിന് കര്‍ഷകര്‍ക്ക് ഏറെ പരിമിതിയുണ്ട്.
ഈന്തപ്പനകള്‍ പറയുന്നത്
45 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളില്‍ കരുത്തോടെ വളരുന്നവയാണ് ഈന്തപ്പനകള്‍. പകല്‍ സമയത്ത് കനത്ത ചൂടും രാത്രിയില്‍ നല്ല തണുപ്പുമുള്ള പ്രദേശങ്ങളില്‍ നല്ലപോലെ വളരുകയും കായ്ഫലം തരികയും ചെയ്യുന്ന ഈന്തപ്പനകള്‍ കേരളത്തിലും കായ്ച്ചു തുടങ്ങി. മരുഭൂമിയിലെ പ്രധാന സസ്യത്തിനു വളരാനും കായ്ഫലമുണ്ടാകുന്നതിനും കേരളത്തിലെ മണ്ണും കാലാവസ്ഥയും അനുയോജ്യമായി മാറി എന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരാവസ്ഥയാണ് ബോധ്യപ്പെടുത്തുന്നത്. കുറഞ്ഞ അന്തരീക്ഷ ആദ്രതയും പാകമായി വരുമ്പോള്‍ മഴയുണ്ടാകാത്ത കാലാവസ്ഥയുമാണ് ഈത്തപ്പഴകൃഷിക്ക് വേണ്ടത്. കേരളത്തിലെ കാലാവസ്ഥയില്‍ ഈന്തപ്പന വളരുമെങ്കിലും കായ്ച്ചതിന്റെ വാര്‍ത്തകള്‍ എവിടെയും കേട്ടിരുന്നില്ല. മെയ് അവസാനം മുതല്‍ മഴക്കാലം തുടങ്ങുന്ന കേരളത്തിലെ കാലാവസ്ഥയില്‍ മരുഭൂ സസ്യമായ ഈന്തപ്പന കായ്ക്കുന്നത് മുന്‍കാലങ്ങളില്‍ ചിന്തിക്കാവുന്നതിലും അപ്പുറമുള്ള ഒരു കാര്യമായിരുന്നു. കാലാവസ്ഥാ വ്യതിയാനം സാധ്യമായതിനെ അസാധ്യമാക്കിയതിനോടൊപ്പം അസാധ്യമായ ചിലതിനെ സാധ്യമാക്കുക കൂടി ചെയ്തിരിക്കുന്നു. എറണാകുളത്ത്, പാലക്കാട്, മലപ്പുറത്ത് എല്ലാം ഈത്തപ്പനകള്‍ കായ്ച്ചു തുടങ്ങി. പകലിലെ കടുത്ത ചൂടും രാത്രി സമയങ്ങളില്‍ കൂടി വരുന്ന തണുപ്പും, കാലം തെറ്റിപ്പെയ്യുന്ന മഴയുമെല്ലാം കേരളത്തിലും ഈത്തപ്പഴത്തിന്റെ കൃഷി സാധ്യമാക്കിയിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം സംഭവിക്കുക തന്നെയാണ്. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്നറിയിപ്പു നല്‍കിയതു പോലെ ലോകത്തെല്ലായിടത്തും കാലാവസ്ഥയില്‍ മാറ്റം തുടങ്ങിയിട്ടുണ്ട്. വരള്‍ച്ചയായും അതിവര്‍ഷമായും വേനലിലെ വര്‍ധിക്കുന്ന താപനിലയായും അത് നമ്മുടെ നാട്ടിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. വീട്ടുമുറ്റത്തെത്തുന്ന മയിലും, കായ്ച്ചു തുടങ്ങുന്ന ഈന്തപ്പനകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ വിപല്‍സൂചനകള്‍ തന്നെയാണ് കാണിക്കുന്നത്.