'വിദ്വേഷ പ്രചാരണത്തിനെതിരെ നടപടി'; പോലിസ് പോസ്റ്റില്‍ വിമര്‍ശനങ്ങളുടെ പൊങ്കാല
കോഴിക്കോട്: സാമൂഹിക മാധ്യങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്നതുമായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അറിയിച്ച് കേരള പോലിസ് ഇട്ട പോസ്റ്റിന് ഫേസ് ബുക്കില്‍ വിമര്‍ശനങ്ങളുടെ പൊങ്കാല. പ്രതീഷ് വിശ്വനാഥ് അടക്കമുള്ളവരുടെ വിദ്വേഷ പ്രചാരണത്തിനെതിരേ നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പോലിസിനെതിരേ പരിഹാസ ശരങ്ങള്‍.
സാമൂഹിക മാധ്യമങ്ങള്‍ വഴിയും അല്ലാതെയും കടുത്ത വിദ്വേഷ പ്രചാരണങ്ങള്‍ക്കാണ് അടുത്തിടെ കേരളം സാക്ഷ്യം വഹിച്ചത്. മുസ് ലിം സമുദായത്തെ ഒറ്റപ്പെടുത്തി സംഘടിതമായ നുണ പ്രചാരണങ്ങളാണ് കഴിഞ്ഞ മാസങ്ങളില്‍ അസംസ്ഥാനത്ത് അരങ്ങേറിയത്. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് വിദ്വേഷ പ്രസംഗത്തിനു പിന്നാലെ തീവ്ര ഹിന്ദുത്വ, ക്രൈസ്തവ ഗ്രൂപ്പുകളും ചില ഇടത് പ്രൊഫൈലുകളും ആക്രമണോല്‍സുകമായ കുപ്രചാരണങ്ങളാണ് മുസ് ലിം സമുദായത്തിനെതിരെ അഴിച്ചുവിട്ടത്. ഇത്തരം പരാതികളില്‍ നടപടിയെടുക്കാത്ത പോലിസ് ഇപ്പോള്‍ ആരെ ലക്ഷ്യമിട്ടാണ് നടപടി മുന്നറിയിപ്പുമായി രംഗത്തെത്തിയതെന്നാണ് പലരുടേയും ചോദ്യങ്ങള്‍.
ആലപ്പുഴയില്‍ ഒരു ചായക്കടയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടും എറണാകുളത്തെ പ്രശസ്തമായ മാളുമായി ബന്ധപ്പെട്ടും പ്രതീഷ് വിശ്വനാഥ് നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ പോലിസ് പോസ്റ്റില്‍ ഒട്ടേറെ പേര്‍ കമന്റായി ചേര്‍ത്തിട്ടുണ്ട്. തീവ്ര ക്രൈസ്തവ വിദ്വേഷ ഗ്രൂപ്പുകളായ കാസയും സോള്‍ജിയേഴ്‌സ് ഓഫ് ക്രോസും പോലിസ് പൂട്ടിച്ചാല്‍ കേരളം പകുതി ശാന്തമാവുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തെ വര്‍ഗീയമായി വിഭജിക്കുകയും മുസ് ലിം സമുദായത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത പാലാ ബിഷപ്പിനെതിരായ കേസ് എന്തായി എന്നും ചോദ്യമുണ്ട്. മുസ് ലിം പേരുളളവര്‍ക്ക് മാത്രം ബാധകം എന്നുകൂടി എഴുതിച്ചേര്‍ക്കൂ എന്നാണ് ഒരാളുടെ കമന്റ്. നാണമില്ലേ ഏമാന്മാരെ ഇതുപോലൊരു പോസ്റ്റ് ഇടാന്‍ എന്ന് ചോദിക്കുന്നു ഒരാള്‍. ഡോ. എന്‍ ഗോപാലകൃഷ്ണന്‍, ടി ജി മോഹന്‍ദാസ് തുടങ്ങിയവരെ പോലിസിന് അറിയാമോ എന്ന് ഓര്‍മ്മപ്പെടുത്തുന്നു ഒരാള്‍. ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞ പോലിസിനെ അറസ്റ്റ് ചെയ്യൂ എന്നാണ് മറ്റൊരു കമന്റ്.
വത്സന്‍ തില്ലങ്കേരി തുടങ്ങിയ ആര്‍എസ്എസ് നേതാക്കളുടെ ഫെയ്‌സ് ബുക്കും വാട്‌സാപ്പും പരിശോധിക്കാന്‍ ആര്‍ജ്ജവമുണ്ടോ കേരള പോലിസിന് എന്നാണ് ഒരാളുടെ കമന്റ്.