അരിവിതരണം തടഞ്ഞ നടപടി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് 15 രൂപയ്ക്കു 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സ്‌പെഷ്യല്‍ അരി എന്ന നിലയില്‍ ഇത്തരത്തില്‍ നേരത്തെയും വിതരണം ചെയ്തിരുന്നെന്നും ബജറ്റില്‍ പ്രഖ്യാപിച്ചതാണെന്നുമാണ് സര്‍ക്കാര്‍ വാദം. പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് അരിവിതരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അരി വിതരണത്തില്‍ കമ്മീഷന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് പുതിയ പ്രഖ്യാപനമല്ലെന്നും നേരത്തേയും നല്‍കി വന്നിരുന്ന നടപടികളുടെ തുടര്‍ച്ചയാണെന്നുമാണ് സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചത്. അതിനിടെ വിഷു-ഈസ്റ്റര്‍ സൗജന്യ കിറ്റ് വിതരണം ഇന്ന് തുടങ്ങിയേക്കും.
പെസഹ വ്യാഴവും ദുഖവെള്ളിയും പ്രമാണിച്ച് ഏപ്രില്‍ ഒന്നും രണ്ടും അവധി ദിനങ്ങളായതിനാല്‍ കട തുറക്കാനാകില്ലെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മാര്‍ച്ച് 25 മുതല്‍ കിറ്റ് നല്‍കി തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഏപ്രില്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു.
Action taken to stop rice distribution: Government in the High Court today against Election Commission