നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ച് സംഘം പള്‍സര്‍ സുനിയെ ജെയില്‍ ചോദ്യം ചെയ്തു

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം എറണാകളം സബ്ജയിലിലെത്തിയാണ് ചോദ്യം ചെയ്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ വീണ്ടും വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുത്തു

Update: 2022-01-28 14:13 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നിര്‍ണ്ണായക നീക്കവുമായി അന്വേഷണ സംഘം.കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം ജെയിലിലെത്തി ചോദ്യം ചെയ്തു. കോടതിയുടെ അനുമതിയോടെ എറണാകളം സബ്ജയിലിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഡാലോചന തെളിയിക്കുന്നതിന്റെയും കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട നിജസ്ഥിതി തേടിയുമായിരുന്നു അന്വേഷണ സംഘം പള്‍സള്‍ സുനിയെ ചോദ്യം ചെയ്തതെന്നാണ് വിവരം.

ബാലചന്ദ്രകുമാറിനെ എപ്പോഴെങ്കിലും നടന്‍ ദിലീപിനൊപ്പം കണ്ടിട്ടുണ്ടോ.ദിലീപുമായി ബാലചന്ദ്രകുമാറിന്റെ ബന്ധം, ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പള്‍സര്‍ സുനിയില്‍ നിന്നും ചോദിച്ചറിഞ്ഞതായാണ് വിവരം. നേരത്തെ പള്‍സര്‍ സുനി അമ്മയക്ക് എഴുതിയ കത്തില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സംഘം പള്‍സര്‍ സുനിയില്‍ നിന്നും ചോദിച്ചറിഞ്ഞതായാണ് വിവരം.

അതേ സമയം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി,നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നിങ്ങനെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തു. നേരത്തെ ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ ബാലചന്ദ്രകുമാറിനെതിരെ നടത്തിയ ആരോപണങ്ങളുടെ നിജസ്ഥിതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തവരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബാലചന്ദ്രകുമാറിനെ വീണ്ടും വിളിച്ചുവരുത്തിയെന്നതാണ് വിവരം.

രാവിലെ തുടങ്ങിയ മൊഴിയെടുക്കല്‍ ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്,ഇതില്‍ ദിലീപും കൂട്ടു പ്രതികളും നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ കോടതിയില്‍ ഇന്ന് വാദം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘം പള്‍സര്‍ സുനിയെ ചോദ്യം ചെയ്തിരിക്കുന്നത്.

Tags:    

Similar News