അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന :കേസ് ബാലചന്ദ്രകുമാറും അന്വേഷണ സംഘവും ചേര്‍ന്ന് കെട്ടിച്ചമച്ചതെന്ന് ദിലീപ്; വാദം നാളെയും തുടരും

അന്വേഷണ ഉദ്യോഗസ്ഥനെ ട്രെക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താനും മറ്റൊരു ഉദ്യോഗസ്ഥനെ ഉപദ്രവിക്കാനും ദിലീപ് പദ്ധതിയിട്ടില്ല.പിന്നെങ്ങനെ ഗൂഢാലോചന കേസ് നിലനില്‍ക്കുമെന്നും പ്രതിഭാഗം വാദിച്ചു.സംവിധായകന്‍ ബാലചന്ദ്രകുമാറിന് സിനിമയുമായി ബന്ധപ്പെട്ട് ദിലീപിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയാണ് ഈ ഗൂഡാലോചന കേസെന്നും പ്രതിഭാഗം വാദിച്ചു

Update: 2022-02-03 11:45 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് സംവിധായകന്‍ ബാലചന്ദ്രകുമാറും അന്വേഷണ സംഘവും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്നും എഫ് ഐ ആര്‍ നിലനില്‍ക്കില്ലെന്നും ദിലിപ് ഹൈക്കോടതിയില്‍.ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ നാളെ പ്രോസിക്യൂഷന്‍ വാദം നടക്കും.കേസ് വീണ്ടും നാളെ ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കാനായി കോടതി മാറ്റി.കേസിനെതിരെയുള്ള ദിലീപിന്റെ അഭിഭാഷകന്റെ വാദമാണ് ഇന്ന് ഹൈക്കോടതിയില്‍ നടന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ ആരംഭിച്ച വാദം വൈകുന്നേരം നാലരയോടെയാണ് അവസാനിച്ചത്.

വാദം ആരംഭിച്ച സമയത്ത് തന്നെ നേരിട്ട് കേസിന്റെ എഫ് ഐ ആറിലേക്ക് കടക്കാമെന്ന് കോടതി പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ നിലനില്‍ക്കില്ലെന്ന് ദിലീപിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആറില്‍ അടങ്ങിയിരിക്കുന്ന വസ്തുതകളെക്കുറിച്ചോ ആരോപണങ്ങളെക്കുറിച്ചോ ഈ അന്വേഷണ ഉദ്യോഗസ്ഥന് അറിവില്ല.ഈ സാഹചര്യത്തില്‍ എഫ് ഐ ആര്‍ നിലനില്‍ക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.എന്നാല്‍

ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ആ രീതിയില്‍ ഒരു കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യാന്‍ അന്വേഷണ സംഘത്തിന് അവകാശമുണ്ടെന്നും കോടതി വാക്കാല്‍ പറഞ്ഞു.ഇവിടെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് വ്യത്യസ്തമാണെന്നും കോടതി വാക്കാല്‍ പറഞ്ഞു.ഇത് തീര്‍ത്തും കെട്ടിച്ചമച്ച കഥയാണെന്നും കാര്യങ്ങള്‍ സങ്കല്‍പ്പിക്കുക മാത്രമാണ് ഇവര്‍ ചെയ്യുന്നതെന്നും പ്രതിഭാഗം വാദിച്ചു.അന്വേഷണ ഉദ്യോഗസ്ഥനെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്താനും മറ്റൊരു ഉദ്യോഗസ്ഥനെ ഉപദ്രവിക്കാനും ദിലീപ് പദ്ധതിയിട്ടില്ല.പിന്നെങ്ങനെ ഗൂഢാലോചന കേസ് നിലനില്‍ക്കുമെന്നും പ്രതിഭാഗം വാദിച്ചു.ഏതു വിധേനയും കേസെടുക്കുകയെന്ന ഉദ്ദേശത്തോടെ കെട്ടിച്ചതാണ് ഈ എഫ് ഐ ആര്‍ എന്നും പ്രതിഭാഗം വാദിച്ചു.

കേസിലെ മറ്റൊരു നിര്‍ണായക തെളിവ് ഈ സംഭവത്തിന്റെ റെക്കോര്‍ഡിംഗാണെന്ന് പറയുന്നു എന്നാല്‍ രണ്ട് തവണ പരാതിക്കാരന്‍ പോലിസിനെ കണ്ടിട്ടും ഇതിനുപയോഗിച്ച ഉപകരണം അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടില്ല.താന്‍ റെക്കോര്‍ഡ് ചെയ്ത സാംസങ് ടാബ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും അതിനാല്‍ ഇത് തന്റെ ലാപ്‌ടോപ്പിലേക്ക് മാറ്റിയെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.എല്ലാത്തിനുമുപരി, അദ്ദേഹം ഒരു സംവിധായകനാണ്, റെക്കോര്‍ഡിംഗുകള്‍ വൃത്തിയായി എഡിറ്റുചെയ്യാന്‍ അദ്ദേഹത്തിന് അറിയാം. ഒടുവില്‍ അദ്ദേഹം കൈമാറിയത് ഒരു പെന്‍ ഡ്രൈവ് മാത്രമാണ്.ഹാജരാക്കിയ പെന്‍ഡ്രൈവില്‍ ചര്‍ച്ചയുടെ കഷണങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭാഷണത്തിന്റെ ഭൂരിഭാഗവും അദ്ദേഹം വെട്ടിമാറ്റി, കേസിന് ഉപയോഗപ്രദമായത് മാത്രം സമര്‍പ്പിച്ചു. ഇതെല്ലാം കെട്ടിച്ചമച്ചതാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന്റെ തെളിവുകള്‍ തീര്‍ത്തും തകര്‍ന്നിരിക്കുന്നു.കേസില്‍ പരാജയപ്പെടുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് ദിലീപിനെ മറ്റൊരു കേസില്‍ കുടുക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു.അന്വേഷണ സംഘം പറയുന്ന കഥകളെല്ലാം ദിലീപിനെ ഏതെങ്കിലും വിധത്തില്‍ കൂടുക്കാന്‍ വേണ്ടി മാത്രമാണെന്നും പ്രതിഭാഗം വാദിച്ചു.

എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥരാണ് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്നത്.പരാതിക്കാരന്‍ തന്നെ കേസ് അന്വേഷിച്ചാല്‍ തങ്ങള്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.ദിലീപിനെ ജയിലിലടയ്ക്കാനാണ് ഗൂഢാലോചന നടന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.എന്തിനാണ് ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു. ആലുവ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഗൂഢാലോചന നടന്നതെന്ന് പറയുന്നു. എങ്കില്‍ അത് ആലുവ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കല്ലേ അയച്ചുകൊടുക്കേണ്ടിയിരുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ദിലീപിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തന്ത്രമായിരുന്നു ഇതിനു പിന്നിലെന്നും പ്രതിഭാഗം വാദിച്ചു.വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് സിനിമയുമായി ബന്ധപ്പെട്ട് ദിലീപിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയാണ് ഈ ഗൂഡാലോചന കേസെന്നും പ്രതിഭാഗം വാദിച്ചു.ഉച്ചയ്ക്ക് രണ്ടോടെ ആരംഭിച്ച പ്രതിഭാഗത്തിന്റെ വാദം നാലരയോടെയാണ് അവസാനിച്ചത്.നാളെ പ്രോസിക്യൂഷന്റെ വാദം നടക്കും.ഇതിനായി കേസ് നാളെ ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കാനായി കോടതി മാറ്റി.

Tags:    

Similar News