വധഗൂഢാലോചനക്കേസ്:ദിലീപിന് തിരിച്ചടി;സ്റ്റേയില്ല,അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണം റദ്ദാക്കണമെന്ന ഹരജിയില്‍ നടന്‍ ദിലീപിന് തിരിച്ചടി.അന്വേഷണം നടത്തുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.കേസ് വീണ്ടും ഈ മാസം 28 ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തി, നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നിങ്ങനെ അടുത്തിടെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ദിലീപിനെ ഒന്നാം പ്രതിയാക്കി ആറുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്.ബന്ധു അപ്പു,ദിലീപിന്റെ സുഹൃത്ത് ബൈജു,പേരറിയാത്ത ഒരു വി ഐ പി എന്നിങ്ങനെയായിരുന്നു മറ്റു പ്രതികള്‍.
കേസില്‍ ദിലീപ് അടക്കമുള്ളവരെ അറസ്റ്റു ചെയ്യുമെന്ന ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് അടക്കം അഞ്ചു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു.തുടര്‍ന്ന് ഇവരോട് ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതിനിര്‍ദ്ദേശിച്ചു. ഇതു പ്രകാരം മൂന്നു ദിവസമായി 33 മണിക്കൂറോളം ചോദ്യം ചെയ്യലിന് ദിലീപും കൂട്ടു പ്രതികളും വിധേയരായിരുന്നു.
ഇതിനു ശേഷവും കേസില്‍ നിര്‍ണ്ണായകമായ മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ ഹാജരാക്കുന്നില്ലെന്നും ദിലീപിനെ അടക്കം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.തുടര്‍ന്ന് ദിലീപ് അടക്കമുള്ളവരോട് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനിടയില്‍ ദിലീപ് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കിയത് ഫോണിലെ നിര്‍ണ്ണായകമായ രേഖകള്‍ നശിപ്പിച്ചതിനു ശേഷമാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്നും മുംബൈയിലെ ലാബിലാണ് ഇത് നടതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഫൊറന്‍സിക് റിപോര്‍ട്ട് അന്വേഷണ സംഘം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.