ഫോണിലെ വിവരങ്ങള്‍ താന്‍ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ്; ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
ഫൊറന്‍സിക് പരിശോധനയില്‍ തനിക്കെതിരെ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.ഫൊറന്‍സിക് റിപോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ സത്യവാങമൂലംവും പൊരുത്തപ്പെടുന്നതല്ല.ഫൊറന്‍സിക് റിപോര്‍ട്ടിനെ അന്വേഷണ സംഘം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു
കൊച്ചി: തന്റെ ഫോണിലെ വിവരങ്ങള്‍ താന്‍ നശിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ നിലപാടിനെതിരെയാണ് ദിലീപ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഫോണിലെ വിവരങ്ങള്‍ താന്‍ നശിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.ഫൊറന്‍സിക് പരിശോധനയില്‍ തനിക്കെതിരെ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.ഫൊറന്‍സിക് റിപോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ സത്യവാങമൂലംവും പൊരുത്തപ്പെടുന്നതല്ല.ഇവയില്‍ വൈരുധ്യമുണ്ടെന്നും ദിലീപ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.ഫൊറന്‍സിക് റിപോര്‍ട്ടിനെ അന്വേഷണ സംഘം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.തന്റെ വീട്ടിലെ വാച്ച്മാനായിരുന്ന ദാസന്‍ എന്നയാള്‍ നല്‍കിയെന്ന് പറയുന്ന മൊഴി വാസ്തവ വിരുദ്ധമാണ്.ദാസനെയും മകനെയും പോലിസ് കസ്റ്റഡിയില്‍ എടുത്ത് തനിക്കെതിരെ തെറ്റായി മൊഴി പറയിപ്പിച്ചതാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.
ദാസനെ ദിലീപിന്റെ സഹോദരന്‍ അനൂപ് ദിലീപിന്റെ അഭാഷകന്റെ ഓഫിസില്‍ കൂട്ടിക്കൊണ്ടുപോയി മൊഴി ഹരജിക്കാരന് അനൂകൂലമായി പറയണമെന്ന് നിര്‍ദ്ദേശിച്ചതായുള്ള അന്വേഷണ സംഘത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.ദാസനെ അഭിഭാഷകന്റെ ഓഫിസില്‍ കൂട്ടിക്കൊണ്ടു പോയെന്ന് അന്വേഷണ സംഘം പറയുന്ന ദിവസം അഭിഭാഷകന്‍ കൊവിഡ് ബാധിതനായി കഴിയുകയായിരുന്നു.2020 ഡിസംബറില്‍ ദാസന്‍ തന്റെ വീട്ടിലെ ജോലി ഉപേക്ഷിച്ച് പോയിരുന്നു.പിന്നെങ്ങനെയാണ് 2021 ഒക്ടോബറില്‍ തന്റെ വീട്ടിലെ സംഭാഷണം കേട്ടുവെന്ന് പറയുന്നതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.