ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്; സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ക്കാന്‍ സഹായിച്ചെന്ന ആരോപിക്കപ്പെടുന്ന സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു.
ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഫോറന്‍സിക് പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.സായ് ശങ്കറിന്റെ സഹായത്തോടെയാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.ഇതേ തുടര്‍ന്ന് സായ് ശങ്കറെ കേസില്‍ ഏഴാം പ്രതിയാക്കിയിരുന്നു.കസ്റ്റഡിയില്‍ എടുത്ത സായ്ശങ്കറെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം നടത്തുന്നത്.നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി,നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നിങ്ങനെയായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.ഇതേ തുടര്‍ന്ന് ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.