ലക്ഷദ്വീപില്‍ സന്ദര്‍ശകരെ വിലക്കി; പ്രതിഷേധങ്ങള്‍ക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ ഇന്നെത്തും, നേരില്‍ കാണാന്‍ സര്‍വകക്ഷി നേതാക്കള്‍
അതിനിടെ, കലക്ടര്‍ അസ്‌കറലിക്കെതിരേ പ്രതിഷേധിച്ച കൂടുതല്‍ പേര്‍ കില്‍ത്താന്‍ ദ്വീപില്‍ അറസ്റ്റിലായി.
കവരത്തി: ജനവിരുദ്ധമായ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരേ പ്രതിഷേധം നുരഞ്ഞുപൊന്തുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തിയേക്കുമെന്ന് സൂചന. ലക്ഷദ്വീപ് ബിജെപി പ്രവര്‍ത്തകരെയടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച കോര്‍കമ്മിറ്റി അഡ്മിനിസ്‌ട്രേറ്ററെ നേരില്‍കണ്ട് സംസാരിച്ചേക്കും. വിവാദ പരിഷ്‌കാരങ്ങളില്‍ നിന്ന് പിന്നോട്ട് പോവാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ തുടര്‍പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റിയുടെ തീരുമാനം.
അതിനിടെ, കലക്ടര്‍ അസ്‌കറലിക്കെതിരേ പ്രതിഷേധിച്ച കൂടുതല്‍ പേര്‍ കില്‍ത്താന്‍ ദ്വീപില്‍ അറസ്റ്റിലായി. ലക്ഷദ്വീപില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് നിലവില്‍ വരും. നിലവില്‍ സന്ദര്‍ശകപാസില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ട സാഹചര്യത്തില്‍ സന്ദര്‍ശകര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും.
അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കൊണ്ടുവരുന്ന ജനദ്രോഹ നടപടികള്‍ തടയുന്നതിനായി നിയമപരമായി മുന്നോട്ടുപോവാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ഓണ്‍ലൈനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ 'സേവ് ലക്ഷദ്വീപ് ഫോറം' എന്ന പേരില്‍ ഒരു കോര്‍ കമ്മിറ്റിയും രൂപീകരിച്ചു. വരുന്ന ജൂണ്‍ ഒന്നിന് കൊച്ചിയില്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.
നിയവിദഗ്ധരുമായി കൂടിയാലോചിച്ച് കേരള ഹൈക്കോടതിയിലും ആവശ്യമെങ്കില്‍ സുപ്രിംകോടതിയിലും നിയമപരമായി പോരാട്ടം നടത്തുന്നതിന് ജൂണ്‍ ഒന്നിന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. കോര്‍ കമ്മിറ്റിയുടെ ജോയിന്റ് കണ്‍വീനര്‍മാരായി മുന്‍ എംപി ഡോ. പി പി കോയ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യു സി കെ തങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു. ഡോ. കെ പി മുഹമ്മദ് സാദിഖിനെ കോ ഓഡിനേറ്ററായും സി ടി നജ്മുദ്ദീന്‍, കോമലം കോയാ എന്നിവരെ ഡെപ്യൂട്ടി കോ ഓഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ കാസ്മിക്കോയ കമ്മിറ്റിയില്‍ സ്ഥിരം അംഗമായിരിക്കും.