സമാധാന ചര്‍ച്ചയില്‍ വന്‍ മുന്നേറ്റം; സുപ്രധാന ധാരണയില്‍ ഒപ്പുവച്ച് താലിബാനും അഫ്ഗാന്‍ സര്‍ക്കാരും
സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന ധാരണയില്‍ താലിബാന്‍ ഒപ്പിട്ടു. ഇനിയുള്ള ചര്‍ച്ചയുടെ അജണ്ടകള്‍ തയ്യാറാക്കുന്നതിനായി ഇരു വിഭാഗങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംയുക്ത സമിതിക്കും രൂപം നല്‍കി.
ദോഹ: നീണ്ട 19 വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ച് അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ദോഹയില്‍ നടന്നുവരുന്ന താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ചര്‍ച്ചകളില്‍ വന്‍ മുന്നേറ്റം. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന ധാരണയില്‍ താലിബാന്‍ ഒപ്പിട്ടു. ഇനിയുള്ള ചര്‍ച്ചയുടെ അജണ്ടകള്‍ തയ്യാറാക്കുന്നതിനായി ഇരു വിഭാഗങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംയുക്ത സമിതിക്കും രൂപം നല്‍കി.
തുടര്‍ന്നുള്ള സമാധാന ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ച ധാരണ പ്രകാരമാവും മുന്നോട്ട് പോവുക. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അടുത്ത ഘട്ടത്തില്‍ ചര്‍ച്ചചെയ്യുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ചര്‍ച്ചയുടെ ആമുഖം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രത്യേക അജണ്ടയുടെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ചകള്‍ ആരംഭിക്കുക എന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധി നാദര്‍ നാദരി റോയിട്ടേഴ്‌സിനോട് പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചതായി താലിബാന്‍ വക്താവ് ട്വിറ്ററിലും വ്യക്തമാക്കി.
അഫ്ഗാന്റെയും താലിബാന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംയുക്ത വര്‍ക്കിങ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും ചര്‍ച്ചയില്‍ പരിഗണിക്കേണ്ട വിഷയങ്ങളുടെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കുക.
അതേസമയം, അഫ്ഗാന്‍ ജനതയുടെ ചിരകാല അഭിലാഷമായ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സാധിച്ചത് വന്‍ മുന്നേറ്റമാണെന്ന് അഫ്ഗാന്‍ പ്രസിഡന്റിന്റെ വക്താവ് സൈദിക് സിദ്ധീഖി പറഞ്ഞു. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനും എല്ലാവിധ പിന്തുണയും അമേരിക്ക നല്‍കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
വെടിനിര്‍ത്തല്‍ ചട്ടങ്ങളും നടപടിക്രമങ്ങളും ക്രോഡീകരിക്കുന്നതിനായുള്ള മൂന്ന് പേജുള്ള ധാരണ ഇരുപക്ഷവും അംഗീകരിച്ചതായി അഫ്ഗാന്‍ അനുരഞ്ജനത്തിനായുള്ള പ്രത്യേക അമേരിക്കന്‍ പ്രതിനിധി സല്‍മെ ഖലീല്‍സാദ് പറഞ്ഞു.
ദോഹയില്‍ അഫ്ഗാന്‍-താലിബാന്‍ സമാധാനക്കരാറിനായി മാസങ്ങളായി ചര്‍ച്ച തുടരുകയായിരുന്നു. ഇതിനൊടുവിലാണ് സമാധാന കരാറിനായി ഇരുപക്ഷവും സഹകരിക്കുന്നത്. താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാരിന് നേരെയുള്ള അക്രമങ്ങള്‍ തുടരുന്നതിനിടയിലാണ് സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. 2001ലാണ് താലിബാനെ പുറത്താക്കി പാവഭരണകൂടം യുഎസ് അഫ്ഗാനില്‍ പ്രതിഷ്ടിച്ചത്.