'താലിബാന്‍ നേതാക്കള്‍ക്കിടയില്‍ ആഭ്യന്തര സംഘര്‍ഷങ്ങളില്ല'; കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ബറാദര്‍
കാബൂള്‍: വെടിയേറ്റു മരിച്ചെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന താലിബാന്‍ നേതാവും അഫ്ഗാന്‍ ഉപ പ്രധാനമന്ത്രിയുമായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍. രാജ്യത്തെ ദേശീയ ബ്രോഡ്കാസ്റ്ററിന് നല്‍കിയ അഭിമുഖത്തിലാണ് ബറാദര്‍ മരണ വാര്‍ത്ത നിഷേധിച്ചത്.
'കാബൂളില്‍ നിന്ന് യാത്ര പോയതിനാല്‍ വ്യാജ വാര്‍ത്ത തള്ളിക്കളയാന്‍ സാധിച്ചില്ലെന്നും മാധ്യമങ്ങളുമായി ബന്ധപ്പെടാനുള്ള സാഹചര്യമുണ്ടായില്ലെന്നും ബറാദര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
'ഈ വാര്‍ത്ത ശരിയല്ല. ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്, ദൈവത്തിന് നന്ദി'. അദ്ദേഹം അഫ്ഗാനിസ്ഥാന്‍ റേഡിയോ ടെലിവിഷനോട് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
'മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഞങ്ങളുടെ ആഭ്യന്തര സംഘര്‍ഷത്തെക്കുറിച്ചുള്ള വാര്‍ത്തകളും ശരിയല്ല. ഒരു കുടുംബത്തേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ക്കിടയില്‍ ഇഴയടുപ്പമുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അഫ്ഗാന്‍ രാഷ്ട്രം, പോരാളികള്‍, മുതിര്‍ന്നവര്‍, യുവാക്കള്‍ എന്നിവര്‍ക്ക് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു'. ബറാദര്‍ പറഞ്ഞു.
തെക്കന്‍ നഗരമായ കാണ്ഡഹാറിലെ യോഗങ്ങളില്‍ ബറാദര്‍ പങ്കെടുക്കുന്നതായുള്ള വീഡിയോ ദൃശ്യങ്ങളും താലിബാന്‍ പുറത്തുവിട്ടു.
താലിബാനും യുഎസും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക നേതൃത്വം നല്‍കിയിരുന്ന ബറാദര്‍ വെടിയേറ്റ് മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചതിന് പിന്നാലെ താലിബാന്‍ നേതാക്കള്‍ക്കിടയില്‍ ഉണ്ടായ ആഭ്യന്തര തര്‍ക്കത്തിനിടെ ബറാദര്‍ വെടിയേറ്റ് മരിച്ചതായായിരുന്നു വാര്‍ത്തകള്‍. ഇതിന് പിന്നാലെയാണ് മരിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ബറാദര്‍ തന്നെ രംഗത്തെത്തിയത്.
തന്റെ അസാന്നിധ്യം മുതലെടുത്ത് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളുണ്ടാക്കുകയായിരുന്നുവെന്ന് ബറാദര്‍ പറഞ്ഞു. മരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്. താനും തന്റെ അണികളും സുരക്ഷിതരാണെന്നും ബറാദര്‍ അറിയിച്ചു.