ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ്(ഭാരത് രാഷ്ട്ര സമിതി) നേതാവും കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തു. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. കവിതയുടെ ഹൈദരാബാദിലെ വസതിയില്‍ ഇഡിയും ആദായനികുതി വകുപ്പും പരിശോധന നടത്തിയ ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നേരത്തെ രണ്ടുതവണ ഹാജരാവാന്‍ ആവശ്യപ്പെട്ട് കവിതയ്ക്ക് ഇഡി സമന്‍സ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. നിസാമാബാദില്‍ നിന്നുള്ള എംഎല്‍സിയായ കവിതയുടെയും ഭര്‍ത്താവ് ഡി അനില്‍കുമാറിന്റെയും സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ നിന്നുള്ള രണ്ട് ഏജന്‍സികളില്‍ നിന്നുമുള്ള 10ഓളം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ കവിതയുടെ സഹോദരനും ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റുമായ കെ ടി രാമറാവുവും ബന്ധുവായ ടി ഹരീഷ് റാവുവും വസതിയിലെത്തി. ട്രാന്‍സിറ്റ് വാറണ്ട് കാണണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഇഡി ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഉച്ചയ്ക്ക് 1.45ന് ആരംഭിച്ച തിരച്ചില്‍ 6.15നാണ് അവസാനിച്ചത്. നടപടിക്രമങ്ങള്‍ക്കു ശേഷം 5.20ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ച് മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈയിടെ റദ്ദാക്കിയ ഡല്‍ഹി എക്‌സൈസ് നയത്തിലൂടെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് 100 കോടി രൂപ ലാഭമുണ്ടാക്കിയ 'സൗത്ത് ഗ്രൂപ്പിന്റെ' ഭാഗമാണ് കവിതയെന്നാണ് ഇഡി കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. ആരോപണങ്ങള്‍ നിഷേധിച്ച കവിത, ഇഡി നോട്ടീസുകളെ മോദി നോട്ടീസ് എന്നാണ് വിശേഷിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് എഎപിയുടെ മൂന്ന് പ്രധാന നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായര്‍ എന്നിവര്‍ ജയിലിലാണ്.