ബിജെപി എംപിയുടെ വിദ്വേഷ പ്രസംഗം: സംഘാടകര്‍ക്കെതിരേ കേസ്, എംപിക്കെതിരേ നടപടിയെടുക്കാതെ പോലിസ്
സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടാണ് നടപടിയെടുക്കാന്‍ ഡല്‍ഹി പോലിസ് കൂട്ടാക്കാത്തത്.
ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരേ അത്യന്തം പ്രകോപനപരമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംപി പര്‍വേശ് സാഹിബ് സിങ് വര്‍മയ്‌ക്കെതിരേ കേസെടുക്കാതെ ഡല്‍ഹി പോലിസ്. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടാണ് നടപടിയെടുക്കാന്‍ ഡല്‍ഹി പോലിസ് കൂട്ടാക്കാത്തത്.
എന്നാല്‍, സംഭവം വിവാദമായതോടെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിന് സംഘാടകര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, വിദ്വേഷ പ്രസംഗത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 'ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും പരിപാടിയില്‍ നടത്തിയ പ്രസംഗങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിക്കും' -മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. റാലി നടത്താന്‍ അനുമതി വാങ്ങാത്തതിന് പരിപാടിയുടെ സംഘാടകര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ഡല്‍ഹി പോലിസ് പിന്നീട് പറഞ്ഞു.
'ഉന്തുവണ്ടികളില്‍ സാധനങ്ങള്‍ വില്‍ക്കുന്ന അവരില്‍നിന്ന് പച്ചക്കറികള്‍ വാങ്ങരുത്. അവരുടെ മത്സ്യമാംസ കടകള്‍ക്ക് ലൈസന്‍സ് ഇല്ലെങ്കില്‍ അടച്ചുപൂട്ടിക്കാന്‍ മുനിസിപ്പല്‍ കോര്‍പറേഷനോട് ആവശ്യപ്പെടണം. അവര്‍ക്ക് ഒരു ജോലിയും നല്‍കരുത്. അവരുടെ തല നേരെയാക്കണമെങ്കില്‍ എവിടെ കണ്ടാലും സമ്പൂര്‍ണമായി ബഹിഷ്‌കരിക്കുക മാത്രമാണ് പ്രതിവിധി. ഇക്കാര്യം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ കൈ ഉയര്‍ത്തുക'- എന്നാണ് ബിജെപി എംപി പര്‍വേശ് സാഹിബ് സിങ് വര്‍മ പ്രസംഗിച്ചത്.
സമുദായത്തെ പൂര്‍ണമായി ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ പ്രവര്‍ത്തകരെ കൊണ്ട് പ്രതിജ്ഞയെടുക്കാന്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെല്ലാം കൈകള്‍ ഉയര്‍ത്തി 'നമ്മള്‍ അവരെ ബഹിഷ്‌കരിക്കും' എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് ബിജെപി എംപി പര്‍വേശ് സാഹിബ് സിങ് വര്‍മയുടെ വിദ്വേഷ പ്രസംഗമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസംഗം വിവാദമായതോടെ, താന്‍ പ്രത്യേകിച്ച് ഒരു സമുദായത്തേയും ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പര്‍വേശിന്റെ വാദം.
പ്രസംഗത്തിനെതിരെ മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസി മുന്നോട്ട് വന്നിരുന്നു. ബിജെപി മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം തുടങ്ങിയിരിക്കുകയാണെന്നായിരുന്നു ഉവൈസി കുറ്റപ്പെടുത്തിയത്.