മുസ്‌ലിംകള്‍ക്കെതിരേ ഫേസ്ബുക്കില്‍ വിദ്വേഷ പോസ്റ്റ്; കര്‍ണാടകയില്‍ പ്രതിഷേധം വ്യാപകം, ഹുബ്ബള്ളി നഗരത്തില്‍ നിരോധനാജ്ഞ

Update: 2022-04-17 09:25 GMT

ബംഗളൂരു: സോഷ്യല്‍ മീഡിയയില്‍ മുസ്‌ലിം സമുദായത്തിനെതിരേ വിദ്വേഷ പോസ്റ്റിട്ടതിന്റെ പേരില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. നൂറുകണക്കിനാളുകള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഇന്നലെ രാത്രിയോടെ കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലെ പഴയ ഹുബ്ബള്ളി പോലിസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പോലിസ് സ്‌റ്റേഷനു നേരേ രാത്രി ജനക്കൂട്ടം കല്ലെറിഞ്ഞതായും ഒരു ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 12 പോലിസുകാര്‍ക്കു പരിക്കേറ്റതായും പോലിസ് ആരോപിക്കുന്നു.

നാല് പോലിസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചില വാഹനങ്ങള്‍ കത്തിച്ചതായും പോലിസ് പറയുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് ഹുബ്ബള്ളി നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രമത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 40 പേരെ അറസ്റ്റുചെയ്‌തെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഹുബ്ബള്ളി- ധാര്‍വാഡ് പോലിസ് കമ്മീഷണര്‍ ലഭു റാം പറഞ്ഞു. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പോലിസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നഗരം മുഴുവന്‍ സിസിടിവി നിരീക്ഷണത്തിലാക്കി.

ഇന്നലെ അര്‍ധരാത്രിയിലാണ് മുസ്‌ലിംകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് ഷെയര്‍ ചെയ്യപ്പെടുകയും ജനക്കൂട്ടം നടപടിയാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവാത്തതിനെത്തുടര്‍ന്ന് ജനക്കൂട്ടം സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. ഒടുവില്‍ പോലിസ് പോസ്റ്റ് ഇട്ടയാളെ അറസ്റ്റ് ചെയ്യുകയും ഇയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. എന്നാല്‍, ഇയാള്‍ക്കെതിരേ നിസാര വകുപ്പുകള്‍ ചുമത്തിയ നടപടിയില്‍ തൃപ്തരാവാതെ, അര്‍ധ രാത്രിയോടെ നിരവധി ആളുകള്‍ പോലിസ് സ്‌റ്റേഷനു പുറത്ത് തടിച്ചുകൂടുകയായിരുന്നു.

ഒരു പോലിസ് ഉദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയില്‍ ചികില്‍സയിലാണെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ആക്രമണത്തില്‍ ഉള്‍പ്പെട്ട ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് മൂന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള ആക്രമണമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഇത് സംഘടിത ആക്രമണമാണെന്ന് വിശേഷിപ്പിച്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഇത്തരം സംഭവങ്ങള്‍ സംസ്ഥാനം വച്ചുപൊറുപ്പിക്കില്ലെന്ന് ഇതിന് പിന്നിലുള്ള സംഘടനകള്‍ അറിയണമെന്ന് പറഞ്ഞു. ആരെങ്കിലും നിയമം കൈയിലെടുത്താല്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ നമ്മുടെ പോലിസ് മടിക്കില്ല- വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. പോലിസ് സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുത്ത് വിഷയം അന്വേഷിക്കുകയാണ്.

Tags:    

Similar News