കൊവിഡ് മുക്തനായ ഉറുദു കവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ഇക്കഴിഞ്ഞ ജൂണ്‍ 7ന് ഗൗതം ബുദ്ധ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് എല്‍ വൈ സുഹാസ് ദഹല്‍വിയുടെ ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു
ന്യൂഡല്‍ഹി: കൊറോണ വൈറസില്‍ നിന്ന് സുഖം പ്രാപിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പ്രമുഖ ഉര്‍ദു കവി ആനന്ദ് മോഹന്‍ സുത്ഷി ഗുല്‍സാര്‍ ദഹല്‍വി(93) ഹൃദയാഘാതത്തെ തുടര്‍ന്ന് നോയിഡയിലെ വസതിയില്‍ അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. 94ാം ജന്മദിനത്തിന് ഒരു മാസം ബാക്കിയിരിക്കെയാണ് അന്ത്യം. ഒരു മകനും മകളുമുണ്ട്. അന്ത്യകര്‍മങ്ങള്‍ ശനിയാഴ്ച നടത്തുമെന്ന് കുടുംബം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂണ്‍ 7ന് ഗൗതം ബുദ്ധ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് എല്‍ വൈ സുഹാസ് ദഹല്‍വിയുടെ ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. 'ഈ 94 കാരന്‍ കൊവിഡിനെ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. എന്നെപ്പോലുള്ള പലര്‍ക്കും അദ്ദേഹം ഒരു പ്രചോദനമാണ്. സര്‍, കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ നിങ്ങള്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു. ഞങ്ങള്‍ എല്ലാവരും ദീര്‍ഘായുസ്സും ആരോഗ്യകരവുമായ ജീവിതം നേരുന്നു' എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തത്.
കൊവിഡ് 19 നെ വിജയകരമായി നേരിട്ട ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയതെന്നും നിര്യാണത്തോടെ ഉറുദു കവിതയ്ക്ക് ഒരു രത്‌നമാണ് നഷ്ടപ്പെട്ടതെന്നും മറ്റൊരു ഉറുദു കവിയായ ആലിമുദ്ദീന്‍ ആസാദ് പറഞ്ഞു. അദ്ദേഹവുമായി വളരെക്കാലമായി ബന്ധമുണ്ട്. ഉറുദു കവിതയുടെ ഒരു സ്തംഭവും സാമുദായിക ഐക്യത്തിന്റെ അംബാസഡറുമായിരുന്നു ഗുല്‍സാര്‍ ദഹല്‍വിയെന്നും അദ്ദേഹം അനുസ്മരിച്ചു.
കശ്മീരി പണ്ഡിറ്റായ ദഹല്‍വി 1926ല്‍ ഓള്‍ഡ് ഡല്‍ഹിയിലാണ് ജനിച്ചത്. 1975ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച ആദ്യത്തെ ഉറുദു സയന്‍സ് മാസികയായ 'സയന്‍സ് കി ദുനിയ'യുടെ പത്രാധിപരായിരുന്നു. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ഉറുദു സ്‌കൂളുകള്‍ സ്ഥാപിച്ചിരുന്നു.