ഒരാളെയെങ്കിലും വന്ധ്യംകരണത്തിന് കൊണ്ടുവന്നില്ലെങ്കില്‍ ജോലി തെറിക്കും; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കമല്‍നാഥ് സര്‍ക്കാരിന്റെ ഉത്തരവ്, വിവാദമായതോടെ പിന്‍വലിച്ചു
മാര്‍ച്ച് മാസം അവസാനിക്കുന്നതിനു മുമ്പ് വന്ധ്യംകരണത്തിന് ഒരു പുരുഷനെയെങ്കിലും കൊണ്ടുവന്നിരിക്കണമെന്നും അല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറെടുത്തോളാനും ആവശ്യപ്പെടുന്ന സര്‍ക്കുലറാണ് വിവാദമായതോടെ പിന്‍വലിച്ചത്.
ഭോപ്പാല്‍: അടിയന്തിരാവസ്ഥ കാലത്തെ ഓര്‍മിപ്പിക്കുന്ന പുരുഷ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ വിവാദ ഉത്തരവ് വിവാദമായതോടെ പിന്‍വലിച്ചു. മാര്‍ച്ച് മാസം അവസാനിക്കുന്നതിനു മുമ്പ് വന്ധ്യംകരണത്തിന് ഒരു പുരുഷനെയെങ്കിലും കൊണ്ടുവന്നിരിക്കണമെന്നും അല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറെടുത്തോളാനും ആവശ്യപ്പെടുന്ന സര്‍ക്കുലറാണ് വിവാദമായതോടെ പിന്‍വലിച്ചത്.
സംഭവം വിവാദമയതിനു പിന്നാലെയാണ് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. വിവാദ ഉത്തരവ് റദ്ദാക്കിയതായി സംസ്ഥാന ആരോഗ്യ മന്ത്രി തുള്‍സി സില്‍വത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്വം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11ന് മധ്യപ്രദേശ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വേ 4 പ്രകാരം 0.5 ശതമാനം പുരുഷന്മാര്‍ മാത്രമാണ് മധ്യപ്രദേശില്‍ വന്ധ്യംകരണത്തിന് വിധേയരായിട്ടുള്ളത്. കുടുംബാസൂത്രണ പദ്ധതി പ്രകാരം അഞ്ച് മുതല്‍ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തേണ്ടത് ഓരോ ആരോഗ്യപ്രവര്‍ത്തകന്റെയും ഉത്തരവാദിത്വമാണ്. ഇതിനായി നിശ്ചിത ടാര്‍ഗെറ്റും നല്‍കിയിട്ടുണ്ട്.
ഇതുപ്രകാരം 2019- 20 കാലയളവില്‍ ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാന്‍ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കുമെന്നും അല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളാനുമാണ് എന്‍എച്ച്എം ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവിലെ ഭീഷണി.ആരോഗ്യവകുപ്പിനോട് മോശം പ്രകടനം കാഴ്ചവെച്ചവരുടെ പേരുവിവരങ്ങള്‍ കണ്ടെത്താനും അവരുടെ ശമ്പളം പിടിച്ചുവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ പേര് നിര്‍ബന്ധിത വിരമിക്കിലിനായി നിര്‍ദേശിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. സംസ്ഥാനത്ത് വന്ധ്യംകരണത്തിന് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറഞ്ഞുവരുന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എത്തിയത്.
തങ്ങള്‍ ബലാല്‍ക്കരമായി ഇതുനടപ്പാക്കണം എന്നല്ല ആവശ്യപ്പെടുന്നത്. ബോധവല്‍ക്കരണം ശക്തിപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നത്. കുടുംബാസൂത്രണം ആഗ്രഹിക്കുന്ന നിരവധി പേര്‍ ഉണ്ട്. എന്നാല്‍ അവര്‍ക്ക് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. ഒരു വര്‍ഷത്തെ കാലയളവിനുള്ളില്‍ ഒരാളെ പോലും ബോധവല്‍ക്കരിച്ച് ഇതിനായി എത്തിക്കാന്‍ സാധിക്കാത്തത് ജീവനക്കാരുടെ കാര്യക്ഷമതയില്ലായ്മയാണ് കാണിക്കുന്നത് എന്ന് ദേശീയ ആരോഗ്യ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പ്രഗ്യ തിവാരി വ്യക്തമാക്കി.