'പാലില്‍ സ്വര്‍ണം, ഗോമൂത്രത്തില്‍ ഔഷധം'; സംഘി വാദങ്ങള്‍ തള്ളി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍

കൊവിഡില്‍ നിന്ന് രക്ഷതേടാന്‍ പശുമൂത്രം കുടിക്കണമെന്നാണ് പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞത്. ഇന്ത്യന്‍ പശുക്കള്‍ക്ക് പുറകില്‍ ഒരു മുഴയുണ്ടെന്നും അത് ഒരു 'സ്വര്‍ണ നരി' ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. സൂര്യപ്രകാശം മുഴയില്‍ വീഴുമ്പോള്‍ അത് സ്വര്‍ണ്ണം ഉല്‍പാദിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Update: 2021-03-18 10:47 GMT

ന്യൂഡല്‍ഹി: പശുക്കളുടെ കാര്യത്തില്‍ സംഘികള്‍ക്ക് വീണ്ടും തിരിച്ചടി. ഇന്ത്യന്‍ പശുക്കളുടെ പാലില്‍ 'സ്വര്‍ണത്തിന്റെ അംശം' അടങ്ങിയിട്ടുണ്ടെന്നും വിദേശ പശുക്കളില്‍ നിന്നുള്ള പാലിനേക്കാള്‍ മികച്ചതാണെന്നുമുള്ള അവകാശവാദമാണ് പൊളിഞ്ഞിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍(ഐസിഎആര്‍) തന്നേയാണ് ഹിന്ദുത്വരുടെ വാദം നിരാകരിച്ചത്.

വിദേശ പശുക്കളുടെ പാലിനേക്കാള്‍ ഇന്ത്യന്‍ പശുക്കളുടെ പാലിന് ഗുണനിലവാരം ഉണ്ടെന്ന് സ്ഥിരീകരിക്കാനായിട്ടില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഐസിഎആര്‍ നിന്നും മറ്റു ഗവേഷക സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരകര്‍ഷക സഹമന്ത്രി സഞ്ജീവ് ബാല്യനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പശുയിനങ്ങളുടെ ഗുണങ്ങളെയും മികച്ച ഗുണനിലവാരത്തെയും കുറിച്ച് ബാല്യന്റെ മന്ത്രാലയത്തിന് കീഴിലുള്ള രാഷ്ട്രീയ കാംദേനു ആയോഗ് (ആര്‍കെഎ) ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ തന്നേയാണ് മന്ത്രി തള്ളിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി മഗുണ്ട ശ്രീനിവാസുലു റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി സഞ്ജീവ് ബാല്യന്‍ ഇന്ത്യന്‍ ഇനങ്ങളുടെ ഗുണങ്ങള്‍ തള്ളിയത്.

പശുക്ഷേമത്തിനായി സ്ഥാപിതമായ സ്ഥാപനമായ ആര്‍കെഎ, ഇന്ത്യന്‍ പശുയിനങ്ങളുടെ ഗുണങ്ങളെക്കുറിച്ച് അടിസ്ഥാന രഹിതമായ അവകാശ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. ജേഴ്‌സി, ഹോള്‍സ്‌റ്റൈന്‍ പോലുള്ള ഇറക്കുമതി ഇനങ്ങളേക്കാള്‍ ഇന്ത്യന്‍ പശുക്കള്‍ ഏറെ മികച്ചതാണെന്നായിരുന്നു ആര്‍കെഎയുടെ അവകാശവാദം. ഇത് ജനങ്ങളെ ബോധവല്‍കരിക്കാന്‍ കഴിഞ്ഞ മാസം ഒരു വലിയ ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള അരലക്ഷത്തോളം പേര്‍ പശു പരീക്ഷയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പരീക്ഷയുടെ സിലബസില്‍ ആര്‍കെഎ ഉന്നയിക്കുന്ന 'അശാസ്ത്രീയമായ' അവകാശവാദങ്ങളോട് മന്ത്രാലയത്തിനുള്ളിലെ എതിര്‍പ്പ് കാരണം അവസാന നിമിഷം പരീക്ഷ മാറ്റിവച്ചു.

പശുമൂത്രത്തില്‍ 752ല്‍ അധികം മൂലകങ്ങള്‍ കണ്ടെത്തിയതായും ഇതില്‍ പലതും വളരെ ഔഷധ മൂല്യമുള്ളവയാണെന്നും ജുനാഗദ് സര്‍വകലാശാലയുടെ ഒരു പഠനം ഉദ്ധരിച്ചുകൊണ്ട് ആര്‍കെഎ വാദിച്ചു. 'അമിതവണ്ണം, സന്ധി വേദന, ആസ്ത്മ, മാനസികരോഗം' എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ പശുക്കളില്‍ നിന്നുള്ള പാല്‍ വഴി നിരവധി രോഗങ്ങള്‍ ഭേദമാക്കാമെന്നും ആര്‍കെഎ അവകാശപ്പെട്ടു. വിദേശ പശുക്കളില്‍ നിന്നുള്ള പാല്‍ ഈ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു. ജേഴ്‌സി പശുക്കളെ അലസന്‍ എന്നും രോഗ ബാധിതന്‍ എന്നും പഠിപ്പിക്കാന്‍ സിലബസ് പ്രത്യേകം ശ്രദ്ധപുലര്‍ത്തി. ഇന്ത്യന്‍ പശുക്കള്‍ വൃത്തിയുടെ കാര്യത്തില്‍ ഏറെ മികച്ച് നില്‍ക്കുന്നതായും വൃത്തി ഹീനമായ സ്ഥലത്ത് അവ കിടക്കില്ലെന്നും ആര്‍കെഎ വാദിച്ചു.

ആര്‍കെഎയുടെ അവകാശവാദങ്ങള്‍ കാര്‍ഷിക വിദഗ്ധര്‍ തള്ളിക്കളയുന്നു. കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകളായി കൃത്രിമ ബീജസങ്കലനം നടത്തുന്നത് ശുദ്ധമായ കന്നുകാലികളെ കണ്ടെത്താന്‍ കഴിയാത്ത ഒരു സാഹചര്യം സൃഷ്ടിച്ചു എന്നതാണ് ഇന്ത്യന്‍ കന്നുകാലികളുടെ യഥാര്‍ത്ഥ പ്രശ്‌നം എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 80 ശതമാനം കന്നുകാലികളെയും തിരിച്ചറിയാന്‍ കഴിയില്ലെന്ന് ബ്രീഡ് സര്‍വേകള്‍ വ്യക്തമാക്കുന്നു.

അതേസമയം, കേന്ദ്രമന്ത്രിയുടേയും കാര്‍ഷിക വിദഗ്ധരുടേയും അവകാശ വാദങ്ങള്‍ എന്തായാലും ഇന്ത്യന്‍ പശുക്കളുടെ സദ്ഗുണങ്ങള്‍ പ്രകീര്‍ത്തിക്കുന്ന തിരക്കിലാണ് സംഘികള്‍. പശുവിന്‍ പാലില്‍ നിന്നുള്ള നെയ്യ് ചേര്‍ത്ത് ചാണക ദോശ കഴിച്ചാല്‍ 12 മണിക്കൂര്‍ കൊവിഡില്‍ നിന്ന് രക്ഷ നേടാമെന്ന് മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി ഉഷാ താക്കൂര്‍ പറഞ്ഞു. കൊറോണ വൈറസില്‍ നിന്ന് സംരക്ഷിക്കപ്പെടേണ്ട ഒരു വേദ ജീവിതശൈലി സ്വീകരിക്കണമെന്നും താക്കൂര്‍ ഉപദേശിച്ചു.

കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കൊവിഡില്‍ നിന്ന് രക്ഷതേടാന്‍ പശുമൂത്രം കുടിക്കണമെന്നാണ് പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞത്. ഇന്ത്യന്‍ പശുക്കള്‍ക്ക് പുറകില്‍ ഒരു മുഴയുണ്ടെന്നും അത് ഒരു 'സ്വര്‍ണ നരി' ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. സൂര്യപ്രകാശം മുഴയില്‍ വീഴുമ്പോള്‍ അത് സ്വര്‍ണ്ണം ഉല്‍പാദിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags:    

Similar News