ധനരാജ് ഫണ്ട് വിവാദത്തിനു പിന്നാലെ പയ്യന്നൂര്‍ സിപിഎമ്മില്‍ വീണ്ടും ഫണ്ട് വിവാദം
കണ്ണൂര്‍: ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം കെട്ടടങ്ങിയതിന് പിന്നാലെ പയ്യന്നൂരിലെ സിപിഎമ്മില്‍ വിണ്ടും ഫണ്ട് വിവാദം. വിവാദത്തില്‍ അകപ്പെട്ട പ്രാദേശിക നേതാക്കളെ സംരക്ഷിക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വെള്ളൂര്‍ കോത്തായിമുക്കിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തില്‍ നിന്ന് വെള്ളൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം രണ്ട് ലക്ഷത്തോളം രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം. എന്നാല്‍, കുറ്റാരോപിതനെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്നാണ് സേവ് സിപിഎം ഫോറം എന്ന പേരിലുള്ള പോസ്റ്ററുകളില്‍ പറയുന്നത്. വെള്ളൂരിലെ സിപിഎം നിയന്ത്രണത്തിലുള്ള ജനതാ പാല്‍ സംസ്‌കരണ സൊസൈറ്റിയിലാണ് വെള്ളൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗമായ ആരോപണ വിധേയന്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്ന് 1.75 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് ഇയാളെ സ്ഥാപനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നിട്ടും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യാതെ സംരക്ഷിക്കുന്നുവെന്നാണ പോസ്റ്ററില്‍ ഉള്‍പ്പെടെ പറയുന്നത്.
നേരത്തേ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ ആരോപണ വിധേയനായ എംഎല്‍എയ്‌ക്കൊപ്പം ചേര്‍ന്ന് ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ ബഹിഷ്‌കരിച്ച ഇദ്ദേഹത്തിനെതിരേ നേരത്തെയും ഫണ്ട് തട്ടിപ്പ് വിവാദമുണ്ടായിരുന്നു. ഏയ് നേതൃത്വമേ നിങ്ങള്‍ എത്ര തവണയായി ഇദ്ദേഹത്തെ സംരക്ഷിക്കുന്നു. പാര്‍ട്ടി നടപടി എടുത്തില്ലെങ്കില്‍ സത്യം ജനങ്ങളെ അറിയിക്കും എന്നാണ് സേവ് സിപിഎം ഫോറം എന്ന പേരില്‍ വെള്ളൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പയ്യന്നൂര്‍ റൂറല്‍ ബാങ്കിന്റെ അന്നൂര്‍ ശാഖയില്‍ ആള്‍മാറാട്ട വായ്പ നടന്നതായും ആരോപണമുണ്ട്. മുന്‍ നഗരസഭ കൗണ്‍സിലറുടെ ഭാര്യയുടെ പേരില്‍ പ്രദേശത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും അതേ ബാങ്കിലെ ഉദ്യോഗസ്ഥനുമായ വ്യക്തി അരലക്ഷം രൂപയുടെ വായ്പ ആള്‍മാറാട്ടത്തിലൂടെയാണ് നേടിയതെന്നാണ് ആരോപണം. ജാമ്യക്കാരെ ഉള്‍പ്പെടെ വ്യാജമായി ചേര്‍ത്തെന്നാണ് പറയപ്പെടുന്നത്. ജാമ്യക്കാരന്‍ വായ്പക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തായത്. ദലിത് വിഭാഗത്തില്‍പ്പെടുന്ന മുന്‍ സിപിഎം കൗണ്‍സിലറുടെ പേരില്‍ തരപ്പെടുത്തിയ വ്യാജവായ്പക്കെതിരേ അദ്ദേഹം പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും ബാങ്കോ, പാര്‍ട്ടിയോ ഇതുവരെ ഒരു നടപടിയും എടുത്തില്ലെന്നാണ് ആക്ഷേപമുയരുന്നത്.