കേന്ദ്രം അയയുന്നു, ഹ്രസ്വകാല സൈനിക സേവന പദ്ധതിക്കുള്ള ഉയര്‍ന്ന പ്രായപരിധി 23 വയസാക്കി

Update: 2022-06-17 02:07 GMT

ന്യൂഡല്‍ഹി: ഹ്രസ്വകാലത്തേക്ക് യുവാക്കളെ സേനയില്‍ നിയമിക്കുന്ന 'അഗ്‌നിപഥ്' പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ കേന്ദ്രം. നിയമനത്തിന് അപേക്ഷിക്കാന്‍ ഉള്ള ഉയര്‍ന്ന പ്രായപരിധിയി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. പ്രതിഷേധം തണുപ്പിക്കാന്‍ പ്രായപരിധി 23 വയസിലേക്കാണ് ഉയര്‍ത്തിയത്. ഇളവ് ഈ വര്‍ഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നല്‍കുന്നതെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആകുമെന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം, പദ്ധതിക്കെതിരേ വടക്കേ ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കത്തിപ്പടരുകയാണ്. ഹരിയാനയിലെ പല്‍വലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടന്ന പശ്ചാത്തലത്തിലാണിത്. ഇതിനിടെ, ബിഹാറിലെ സരണില്‍ ബിജെപി എംഎല്‍എയുടെ വീടിന് നേരെ നേരെ ആക്രമം ഉണ്ടായി.

അതേസമയം പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ തുടരാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിഹാര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ദില്ലി, മധ്യപ്രദേശ്, ജമ്മു എന്നിവിടങ്ങളില്‍ ഇന്നലെ നടന്ന പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് നീങ്ങിയിരുന്നു. വിവിധ ഇടങ്ങളില്‍ പോലിസ് വാഹനങ്ങളും, പോലിസ് സ്‌റ്റേഷനും, ട്രെയിനുകളും റെയില്‍വേ സ്‌റ്റേഷനുകളും ആക്രമിക്കപ്പെട്ടു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് 34 ല്‍ അധികം ട്രെയിനുകള്‍ റദ്ദാക്കി. 72 സര്‍വീസുകള്‍ വൈകി ഓടുന്നു. യുവാക്കളുടെ പ്രതിഷേധത്തെ പിന്തുണച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷവും ചില ഘടക കക്ഷികളും കേന്ദ്ര സര്‍ക്കാരിനോട് പദ്ധതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News