അഹ്മദാബാദ് കേസ് വിധി ഞെട്ടിക്കുന്നത്; സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്തവിധമുള്ള ഒരു വിധി പ്രസ്താവനയാണ് അഹ്മദാബാദ് കേസിലുണ്ടായിട്ടുള്ളതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആളുകളെപ്പോലും നീതിപൂര്‍വമായ വിചാരണയ്ക്കുള്ള സാഹചര്യം അനുവദിക്കാതെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത് നീതിയുടെ പ്രത്യക്ഷ നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കേസിലെ ശിക്ഷാ വിധിയല്ല; ഭരണകൂടത്തിന്റെ കൂട്ടക്കൊലയാണ്.
നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പോപുലര്‍ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിക്കും. അധികാരത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി ഏജന്‍സികളെയും നീതിന്യായ സംവിധാനത്തെയും തങ്ങളുടെ വംശീയമായ പകപോക്കലുകള്‍ക്ക് ഭരണകൂടം ഉപയോഗപ്പെടുത്തുന്നത് വര്‍ധിച്ചിരിക്കുന്നു. ഇത് പൗരന്‍മാര്‍ക്ക് രാജ്യത്തെ നിയമസംവിധാനങ്ങളില്‍ ഉള്ള വിശ്വാസത്തെ ദുര്‍ബലപ്പെടുത്തും. പൗരാവകാശങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം വിധികള്‍ക്കെതിരേ ജനാധിപത്യ പ്രതിഷേധങ്ങള്‍ രൂപപ്പെടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഭരണഘടനയിലെ അവകാശങ്ങള്‍ പൗരന്‍മാര്‍ക്ക് ലഭ്യമാവുകയുള്ളൂ. പ്രതിഷേധത്തിന്റെ ഭാഗമാവാന്‍ മുഴുവന്‍ ജനങ്ങളെയും എ അബ്ദുല്‍ സത്താര്‍ ആഹ്വാനം ചെയ്തു.