തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി

Update: 2023-09-25 16:08 GMT

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബിജെപി നിയന്ത്രിക്കുന്ന എന്‍ഡിഎയ്ക്ക് തമിഴ്‌നാട്ടില്‍ കനത്ത തിരിച്ചടി. എന്‍ഡിഎ സഖ്യം വിട്ടുകൊണ്ട് എഐഎഡിഎംകെ ഔദ്യോഗിക പ്രമേയം പാസാക്കി. നേരത്തേ സഖ്യം വിടുമെന്ന് ചില നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഔദ്യോഗിക പ്രമേയം ഇന്നാണ് പാസ്സാക്കിയത്. ചെന്നൈയില്‍ ചേര്‍ന്ന എഐഎഡിഎംകെ എംപിമാരുടെയും എംഎല്‍എമാരുടെയും ജില്ലാ അധ്യക്ഷന്മാരുടെയും യോഗത്തിലാണ് സഖ്യം അവസാനിപ്പിക്കുന്നത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പ്രമേയം എതിരില്ലാതെ പാസാക്കിയതായി ജനറല്‍ സെക്രട്ടറി കെ പി മുനുസ്വാമി യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.

    തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലെ എഐഎഡിഎംകെയുടെ നിലവിലെയും മുന്‍കാലങ്ങളിലെയും നേതാക്കളെ നിരന്തരം അധിക്ഷേപിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സഖ്യം വിട്ടത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തനിച്ചു മല്‍സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. തീരുമാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ വിജയം നേടുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.

Tags:    

Similar News