എഐസിസി സ്പെഷല്‍ കമ്മിറ്റി ഇന്ന്; ബീഹാറിലെ തിരിച്ചടി ചര്‍ച്ചയാവും
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ കപില്‍ സിബലിന്റെ വിമര്‍ശനം, ബീഹാറിലെ അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മിന്റെ മുന്നേറ്റം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായേക്കും.
ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിനെതിരായ സ്വന്തം അണികളില്‍നിന്നടക്കം കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ എഐസിസി സ്പെഷല്‍ കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ സഹായിക്കാന്‍ നിയോഗിച്ച സ്പെഷല്‍ കമ്മിറ്റിയാണ് വൈകീട്ട് അഞ്ചിന് യോഗം ചേരുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ കപില്‍ സിബലിന്റെ വിമര്‍ശനം, ബീഹാറിലെ അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മിന്റെ മുന്നേറ്റം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായേക്കും. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്ന മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ പരാമര്‍ശവും യോഗം ചര്‍ച്ചചെയ്യുമെന്നാണ് കരുതുന്നത്.
സോണിയാഗാന്ധിയെ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ സഹായിക്കാന്‍ വേണ്ടിയാണ് പ്രത്യേക സമിതി രൂപീകരിച്ചത്. എ കെ ആന്റണി, അഹമ്മദ് പട്ടേല്‍, കെ സി വേണുഗോപാല്‍, അംബിക സോണി, മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരാണ് സമിതി അംഗങ്ങള്‍. കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ള അഹമ്മദ് പട്ടേല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍.