പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യാ-സൗദി എയര്‍ ബബ്ള്‍ കരാര്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യ-സൗദി എയര്‍ ബബ്ള്‍ കരാര്‍ ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുന്നു. പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാവുന്നതാണ് കരാര്‍. ജനുവരി ഒന്നു മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നിര്‍ദേശം നല്‍കി.
ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഇടയില്‍ നിലവില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകളാണ് നിലവിലുള്ളത്. കൊവിഡ് പ്രതിസന്ധി കാരണം സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് ഇന്ത്യ നീട്ടിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയുമായി എയര്‍ ബബ്ള്‍ കരാര്‍ ഉണ്ടാക്കണമെന്ന പ്രവാസികളുടെ ആവശ്യമാണ് പൂവണിയുന്നത്. പുതിയ എയര്‍ ബബ്ള്‍ ധാരണയനുസരിച്ച് വിമാനക്കമ്പനികള്‍ക്ക് കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇനി സര്‍വീസ് നടത്താനാവും.
എയര്‍ ബബ്ള്‍ കരാര്‍ സംബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഡിസംബര്‍ എട്ടിന് ചര്‍ച്ച നടത്തിയിരുന്നു. ഇതനുസരിച്ച് പരിഷ്‌കരിച്ച എയര്‍ ബബ്ള്‍ നിബന്ധനകള്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോരിറ്റിക്ക് സമര്‍പ്പിച്ചു. നിബന്ധനകള്‍ സൗദി അറേബ്യയും അംഗീകരിച്ചതോടെയാണ് ജനുവരി ഒന്ന് മുതല്‍ എയര്‍ ബബ്ള്‍ കരാറിനുള്ള വഴി തെളിഞ്ഞത്.