തകര്‍ന്ന വ്യോമസേനാ വിമാനത്തിലെ 13 പേരും മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം
എഎന്‍ 32 വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ബന്ധുക്കളെ വ്യോമസേന അധികൃതര്‍ വിവരം അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തിലുണ്ടായിരുന്ന 13 പേരും മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. എഎന്‍ 32 വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ബന്ധുക്കളെ വ്യോമസേന അധികൃതര്‍ വിവരം അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. അസമിലെ ജോര്‍ഹാട്ടില്‍ നിന്ന് ഇക്കഴിഞ്ഞ ജൂണ്‍ 3ന് പുറപ്പെട്ട വിമാനമാണ് കാണാതായത്. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. സ്‌ക്വാഡ്രണ്‍ ലീഡര്‍ പാലക്കാട് സ്വദേശി വിനോദ്, സാര്‍ജന്റ് കൊല്ലം സ്വദേശി അനൂപ് കുമാര്‍, മറ്റൊരു ഉദ്യോഗസ്ഥനായ എന്‍ കെ ഷെരില്‍ എന്നിവരാണു വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍. വിമാനം കാണാതായ ശേഷം എട്ടുദിവസത്തെ തിരച്ചിലിനൊടുവില്‍ അരുണാചലിലെ വടക്കന്‍ ലിപോയ്ക്കു സമീപം വ്യോമപാതയില്‍ നിന്ന് 20 കിലോമീറ്ററോളം അകലെ കഴിഞ്ഞ ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.