ഐഷ സുല്‍ത്താനയെ മൂന്നാമതും ചോദ്യം ചെയ്ത് വിട്ടയച്ചു; കൊച്ചിയിലേക്ക് പോവാന്‍ കവരത്തി പോലിസിന്റെ അനുമതി

Update: 2021-06-24 08:59 GMT
ഐഷ സുല്‍ത്താനയെ മൂന്നാമതും ചോദ്യം ചെയ്ത് വിട്ടയച്ചു; കൊച്ചിയിലേക്ക് പോവാന്‍ കവരത്തി പോലിസിന്റെ അനുമതി

കൊച്ചി: ലക്ഷദ്വീപ് പോലിസ് രജിസ്റ്റര്‍ ചെയ്ത രാജ്യാദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ മൂന്നാമതും ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്ന് രാവിലെ കവരത്തി പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 9.45ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് 12.30 വരെ തുടര്‍ന്നു. ബുധനാഴ്ച ഏഴുമണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇന്നും ചോദ്യം ചെയ്തത്. ഹൈക്കോടതി നിര്‍ദേശമുള്ളതുകൊണ്ടുതന്നെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയാണ് ചെയ്തത്.

കൊച്ചിയിലേക്ക് തിരിച്ചുപോവാനും കവരത്തി പോലിസ് അനുമതി നല്‍കിയിട്ടുണ്ട്. ബന്ധുക്കള്‍ ആശുപത്രിയിലായതിനാല്‍ കൊച്ചിയിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് ഐഷ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് അനുവാദം നല്‍കിയത്. മൂന്നുദിവസങ്ങളിലായി 14 മണിക്കൂറാണ് ഐഷയെ ചോദ്യം ചെയ്തത്. നാളെ ക്വാറന്റൈന്‍ പൂര്‍ത്തിയായശേഷം മറ്റന്നാള്‍ കൊച്ചിയിലേക്ക് പോവാമെന്ന് കവരത്തി പോലിസ് അറിയിച്ചതായി ഐഷ സുല്‍ത്താന തേജസ് ന്യൂസിനോട് പറഞ്ഞു. 

ഇനി ഹാജരാവാന്‍ പോലിസ് നോട്ടീസൊന്നും നല്‍കിയിട്ടില്ല. ശനിയാഴ്ച കൊച്ചിയിലേക്ക് പോവുമെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കി. അഭിഭാഷകനൊപ്പമാണ് ഐഷ ചോദ്യം ചെയ്യലിനായി ഹാജരായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ വിശദീകരണങ്ങള്‍ തന്നെയാണ് ഐഷ സുല്‍ത്താന നല്‍കിയത്. ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ ബയോ വെപ്പണ്‍ ഉപയോഗിക്കുകയാണെന്ന് ഐഷ പറഞ്ഞെന്നാരോപിച്ച് ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലായിരുന്നു രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ അന്വേഷണസംഘം പ്രധാനമായും ഐഷയോട് ചോദിച്ചത്. ബയോവെപ്പണ്‍ പരാമര്‍ശം നടത്താനുണ്ടായ കാരണത്തെക്കുറിച്ചും ചോദിച്ചു. പുറംരാജ്യങ്ങളിലെ ആരെങ്കിലുമായി ബന്ധങ്ങളുണ്ടോ, അവരുമായി സാമ്പത്തിക ഇടപാടുകളുണ്ടോ, ആരെയൊക്കെ നിരന്തരം ബന്ധപ്പെടാറുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചതായി ഐഷയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, രാജ്യത്തെയല്ല, അഡ്മിനിസ്‌ട്രേറ്ററെ ഉദ്ദേശിച്ചാണ് പരാമര്‍ശം നടത്തിയതെന്ന് ഐഷ വിശദീകരിച്ചു. വാചകത്തിന്റെ ഘടന മാറിപ്പോയപ്പോള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നും ഐഷ പറഞ്ഞു.

Tags:    

Similar News