അല്‍ അമീന്‍ ന്യൂസ് പോര്‍ട്ടല്‍ നവംബര്‍ 23ന്

Update: 2024-10-11 14:26 GMT

മലപ്പുറം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് കരുത്തു പകര്‍ന്ന മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ അല്‍ അമീന്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ നവംബര്‍ 23ന് പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. alameennews.in എന്ന ഡോമൈനില്‍ ഓണ്‍ലൈന്‍ എഡിഷന്‍ അബ്ദുറഹിമാന്‍ സാഹിബ് ചരമദിനത്തില്‍ ആരംഭിക്കുമെന്ന് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അല്‍ അമീന്റെ നിലപാടുകളില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെയും മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഫാഷിസത്തിനെതിരേ ശബ്ദിക്കാനും അല്‍ അമീന്‍ ഇക്കാലത്ത് ആവശ്യമാണ്. അല്‍അമീന്‍ പിറവി കൊണ്ടിട്ട് 2024 ഒക്ടോബര്‍ 12ന് നൂറ് വര്‍ഷങ്ങള്‍ തികയുന്നു. കവി വള്ളത്തോളിന്റെ ആശംസാ കവിതയോടെ 1924 ഒക്ടോബര്‍ 12 ന് കോഴിക്കോട് നിന്നു പ്രസിദ്ധീകരണം ആരംഭിച്ച അല്‍ അമീന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. ബ്രിട്ടന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ മൗനം പാലിക്കാന്‍ അബ്ദുര്‍റഹ്മാന്‍ സാഹിബും അല്‍ അമീനും ഒരിക്കലും തയ്യാറായില്ല. അതിനാല്‍ തന്നെ നിരവധി തവണ അല്‍ അമീന്‍ നിരോധിക്കപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അല്‍ അമീന്‍ എഡിറ്റര്‍ വീക്ഷണം മുഹമ്മദ്, അല്‍ അമീന്‍ ന്യൂസ് മാനേജിങ് ഡയറക്ടര്‍ ഉമര്‍ ഗുരുക്കള്‍, അല്‍ അമീന്‍ ന്യൂസ് സിഇഒ പി അബ്ദുല്‍ ബായിസ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍, ചെയര്‍ കോര്‍ഡിനേറ്റര്‍ മുല്ലശേരി ശിവരാമന്‍ നായര്‍ പങ്കെടുത്തു.

Tags:    

Similar News