മൊഗാദിഷു: സൊമാലിയയിലെ യുഎന്‍ ദൗത്യത്തിന്റെ ഭാഗമായ ഒരു ഹെലികോപ്റ്റര്‍ അല്‍ഷബാബ് സായുധ സംഘം പിടിച്ചെടുത്തതായി റിപോര്‍ട്ട്. ബുധനാഴ്ച ഉച്ചയ്ക്ക് അല്‍ഷബാബിന്റെ അധീനതയിലുള്ള സ്ഥലത്ത് ഇറങ്ങിയ ശേഷമാണ് പിടിച്ചെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പതിറ്റാണ്ടുകളായി ആഫ്രിക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, അല്‍ഖാഇദയുമായി ബന്ധമുള്ള സായുധസംഘമാണ് അല്‍ഷബാബ്. ഹെലികോപ്റ്ററില്‍ ഒമ്പതോളം പേരുണ്ടായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. സാങ്കേതിക തകരാര്‍ മൂലം ഹെലികോപ്റ്റര്‍ ഗല്‍ഗദൂദ് മേഖലയിലെ ഗദൂണ്‍ ഗ്രാമത്തിന് സമീപം ലാന്‍ഡ് ചെയ്തപ്പോഴാണ് പിടിച്ചെടുത്തതെന്ന് മൊഗാദിഷുവിലെ യുഎന്‍ ഉദ്യോഗസ്ഥനും അല്‍ ജസീറയോട് സ്ഥിരീകരിച്ചു.
സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒമ്പത് യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ആറുപേരെ സംഘം കൊണ്ടുപോയതായും രണ്ടുപേര്‍ രക്ഷപ്പെട്ട് ഒളിവില്‍ കഴിയുന്നതായും റിപോര്‍ട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എല്ലാ യുഎന്‍ വിമാനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും യുഎന്‍ അറിയിച്ചു. കപ്പലിലുള്ളവരുടെ പൗരത്വം സംബന്ധിച്ച മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സൊമാലിയന്‍ സര്‍ക്കാരും റിപോര്‍ട്ടുകളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സൊമാലിയയിലെ 17,500 പേരടങ്ങുന്ന ആഫ്രിക്കന്‍ യൂനിയന്‍ സമാധാന സേനയ്ക്ക് ഐക്യരാഷ്ട്രസഭയാണ് ലോജിസ്റ്റിക്, മെഡിക്കല്‍ സഹായം നല്‍കുന്നത്. ഹെലികോപ്റ്ററില്‍ സമാധാന സേനാംഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആഫ്രിക്കന്‍ സമാധാന സേനയുടെയും ക്ലാന്‍ മിലിഷ്യകളുടെയും പിന്തുണയുള്ള സോമാലിയന്‍ സര്‍ക്കാര്‍ സേന, ഈയിടെയാണ് അല്‍ഷബാബില്‍ നിന്ന് പ്രദേശം തിരിച്ചുപിടിച്ചത്. എന്നാല്‍ അല്‍ഷബാബ് ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്.