മൊഗാദിഷു: സായുധ സംഘടനയായ അല്‍ ഷബാബിന്റെ സഹസ്ഥാപകനായ അബ്ദുല്ലാഹി നാദിര്‍ യാരെയെ വധിച്ചെന്ന് സോമാലിയന്‍ ഭരണകൂടം അറിയിച്ചു. സൊമാലിയന്‍ സൈന്യവും ഇന്റര്‍നാഷനല്‍ പാര്‍ട്ട്ണര്‍ സേനയും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് അല്‍ ഷബാബ് ഉന്നത കമാന്‍ഡര്‍ കൊല്ലപ്പെട്ടതെന്ന് സോമാലിയന്‍ വാര്‍ത്താവിതരണ മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.
സൊമാലിയന്‍ സര്‍ക്കാര്‍ ദീര്‍ഘകാലമായി തിരയുന്ന നേതാവാണ് യാരെ. അബ്ദുല്ലാഹി യാരെയുടെ തലയ്ക്ക് മൂന്ന് മില്യന്‍ യുഎസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്ന് സൊമാലിയന്‍ നാഷനല്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ മിഡില്‍ ജുബ്ബ മേഖലയിലെ ഹരംക ഗ്രാമത്തിലാണ് സോമാലിയന്‍ സൈന്യവും ഇന്റര്‍നാഷനല്‍ പാര്‍ട്ട്ണര്‍ ഫോഴ്‌സും സംയുക്തമായി ഓപറേഷന്‍ നടത്തിയത്.
അല്‍ ഷബാബ് മേധാവി അഹമ്മദ് ദിരിയെയ്ക്ക് പകരം യാരെ സംഘടനയുടെ തലപ്പത്തേക്ക് എത്താനിരിക്കെയാണ് വധിച്ചതെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അല്‍ ഷബാബ് നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, നാദിറിന്റെ മരണത്തെക്കുറിച്ച് അല്‍ ഷബാബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.