ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി ; തകഴിയില്‍ പക്ഷികളെ കൊന്നു മറവു ചെയ്യും

രോഗ ബാധിത മേഖലകളില്‍ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നതിന് നിരോധനം

Update: 2021-12-09 12:53 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ചമ്പക്കുളം, നെടുമുടി, മുട്ടാര്‍, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭാ മേഖലയിലുമാണ് ഈ നിയന്ത്രണം ബാധകമാകുക.തകഴി പഞ്ചായത്ത് 10ാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ പക്ഷികളെ കൊന്ന് സുരക്ഷിതമായി മറവു ചെയ്യും.ഇതു സംബന്ധിച്ച് നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു.

പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനും പോലീസിന് നിര്‍ദേശം നല്‍കി.പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടേയ്ക്കും ഇവിടെ നിന്ന് പുറത്തേക്കും ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചിട്ടുണ്ട്.റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ സേവനം ഉറപ്പാക്കിയാണ് മൃഗസംരക്ഷണ വകുപ്പ് പക്ഷികളെ മറവുചെയ്യുക.രോഗം സ്ഥിരീകരിച്ച മേഖലകളില്‍ ആര്‍ആര്‍ടികളെ നിയോഗിച്ച് ജനങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.ദേശാടനപ്പക്ഷികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും ഇവടെ പരിശോധിക്കുന്നതിനും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി.

Tags:    

Similar News