അര്‍ജന്റീന മുന്‍ പരിശീകന്‍ അലെജാന്‍ഡ്രോ സെബല്ല അന്തരിച്ചു
നവംബര്‍ 26നാണ് സാബെല്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബ്യൂനസ് എയ്‌റീസ്: 2014 ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനലിലെത്തിച്ച പരിശീലകന്‍ അലജാന്‍ഡ്രോ സെബല്ല (66) അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതനായി ചികില്‍സയിലായിരുന്നു. അര്‍ജന്റീന ക്ലബായ സ്റ്റഡിനാറ്റ്‌സിനേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. നവംബര്‍ 26നാണ് സാബെല്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ഹൃദയ ശസ്ത്രക്രിയക്കായാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്.പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, അണുബാധയുണ്ടായതോടെ രണ്ടാഴ്ചയോളം ഐസിയുവില്‍ തന്നെ തുടര്‍ന്നു. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു.1980കളില്‍ അര്‍ജന്റീനക്കായി ഒരുമിച്ച് കളിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തിന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് സെബല്ലയേയും മരണം തേടിയതെത്തിയത്.ദ്വിതീയ ഡൈലേറ്റഡ് കാര്‍ഡിയോമിയോപ്പതി, ദീര്‍ഘകാല കാര്‍ഡിയോടോക്‌സിസിറ്റി എന്നിവയുടെ ഫലമായാണ് അദ്ദേഹത്തിന്റെ മരണമെന്ന് രണ്ടാഴ്ചയായി അദ്ദേഹത്തെ പരിചരിക്കുന്ന ആശുപത്രി പറഞ്ഞു.
സെബല്ലയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പ്രമുഖര്‍ രംഗത്ത് വന്നു. താങ്കളുമായി ഒരുപാട് സമയം പങ്കിടാന്‍ ലഭിച്ചതില്‍ സന്തോഷിക്കുന്നു എന്ന് സൂപ്പര്‍ താരം ലയണല്‍ മെസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സെബല്ല നേരത്തെ കളിച്ചിരുന്ന ഇംഗ്ലീഷ് ക്ലബുകളായ ഷെഫീല്‍ഡ് യുണൈറ്റഡ്, ലീഡ്‌സ് യുണൈറ്റഡ് എന്നീ ടീമുകള്‍ മുന്‍ താരത്തിന്റെ വിയോഗത്തില്‍ അപലപിച്ചു.
ഉന്നതനിലയില്‍ നിയമപഠനം പൂര്‍ത്തിയാക്കിയ സാബല്ലെ പക്ഷേ കരിയറായി തെരഞ്ഞെടുത്തത് ഫുട്ബാളായിരുന്നു. 1970കളില്‍ റിവര്‍ പ്ലേറ്റിലൂടെയാണ് അദ്ദേഹം വരവറിയിച്ചത്. പിന്നീട് യു.കെയിലെ ഷെഫീല്‍ഡ് യുണൈറ്റഡിലേക്ക് കൂടുമാറ്റം നടത്തി. ഇംഗ്ലീഷ് ലീഗില്‍ കളിക്കുന്ന ആദ്യ ദക്ഷിണ അമേരിക്കന്‍ താരമായും സാബല്ലെ മാറി.
പിന്നീട് ഷെഫീല്‍ഡില്‍ നിന്ന് ലീഡ്‌സിലെത്തിയ അദ്ദേഹം 1982ലാണ് വീണ്ടും അര്‍ജന്റീനയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് 2009ല്‍ അര്‍ജന്റീന ക്ലബിന്റെ മാനേജറായ സാബെല്ലോ 2011ല്‍ അര്‍ജന്റീനയുടെ പരിശീലകനായി. 2014 ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനലിലെത്തിച്ചത് സാബല്ലെയുടെ തന്ത്രങ്ങളായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ജര്‍മ്മനിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍ക്കാനായിരുന്നു അര്‍ജന്റീനയുടെ വിധി.