സംഘപരിവാര്‍ മുതലെടുപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
മലപ്പുറം: റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന പേരില്‍ ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ ജന മഹാസമ്മേളനത്തോടനുബന്ധിച്ചുള്ള റാലിയില്‍ ഒരു ചെറിയ കുട്ടി വിളിച്ച മുദ്രാവാക്യത്തിലെ അപാകത ചുണ്ടിക്കാണിച്ചു കൊണ്ട് മാധ്യമങ്ങള്‍ പരത്തുന്ന ഇസ് ലാമോഫോബിയയും പോലിസ് നടത്തുന്ന മുസ് ലിം വേട്ടയും ഉടന്‍ അവസാനിപ്പിക്കണമെന്നും വംശഹത്യാ കാലത്തെ ഈ വെറുപ്പുല്‍പാദനം ആര്‍എസ്എസിനെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അബ്ദുല്‍ മജീദ് അല്‍ ഖാസിമി പ്രസ്താവിച്ചു.
മുദ്രാവാക്യത്തിന്റെ പേരില്‍ പോലിസ് ആലപ്പുഴയില്‍ നടത്തുന്ന അന്യായമായ അറസ്റ്റുകളും റെയ്ഡുകളും എഫ്‌ഐആറിലെ സംഘപരിവാര്‍ ഭാഷ്യങ്ങളും പോലിസ് വകുപ്പിലെ വലിയൊരു വിഭാഗത്തിന്റെ കടുത്ത മുസ്‌ലിം വിരോധമാണ് വിളിച്ചറിയിക്കുന്നത്.
ഇതിനെചൊല്ലി മാധ്യമ ചര്‍ച്ചകളില്‍ ഉരുണ്ടുകൂടുന്ന വ്യാപകമായ മുസ്‌ലിം വിരോധം രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്താന്‍ പ്രേരകമാവുന്നതാണ്. മുസ് ലിംകളെ കുറ്റപ്പെടുത്തുകയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് സംഘപരിവാര്‍ വംശഹത്യാ പദ്ധതിക്ക് നിലമൊരുക്കാന്‍ മാത്രമേ സഹായിക്കൂ.
നിരവധി സംഘപരിവാര്‍ പ്രചാരകരുടെ അത്യന്തം പ്രകോപനപരമായ മതവിദ്വേഷ പരാമര്‍ശങ്ങള്‍ സൈബര്‍ ഇടങ്ങളിലും പൊതുവേദികളിലും പ്രകടനങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന തെളിവുകള്‍ പൊതു സമൂഹം നേരില്‍ കാണുകയും അവര്‍ക്കെതിരേ യാതൊരു നടപടിയും കൈക്കൊള്ളാതിരിക്കുകയും ചെയ്യുമ്പോഴാണ് ഒരു കുട്ടിയുടെ മുദ്രാവാക്യത്തിന്റെ പേരിലുള്ള ഈ പടപ്പുറപ്പാട് എന്നത് മുസ് ലിം വിരുദ്ധ അജണ്ടയുടെ പ്രകടമായ തെളിവാണ്.
തോക്കേന്തി നില്‍ക്കുന്ന നേതാക്കളും ഗണവേഷമിട്ട് വാളേന്തി നില്‍ക്കുന്ന കുട്ടികളും മലയാളികളാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ് ലിംകള്‍ക്കെതിരേ വധഭീഷണി മുഴക്കുന്ന മുദ്രാവാക്യം വിളിച്ചവരും ഏറ്റു വിളിച്ചവരും വീഡിയോ ദൃശ്യങ്ങളിലുണ്ട്. അതൊന്നും കണ്ടെത്തി നടപടിയെടുക്കാന്‍ സത്യസന്ധത കാണിക്കാത്ത സര്‍ക്കാര്‍ ഒരു കുട്ടിമുദ്രാവാക്യത്തിന്റെ പിന്നാലെ പോകുന്നത് കാണുമ്പോള്‍ ആഭ്യന്തര വകുപ്പ് കൈയാളുന്നത് ആര്‍ എസ് എസ് ആണെന്ന് സംശയിക്കേണ്ടി വരികയാണ്.
കുട്ടിയുടെ മുദ്രാവാക്യത്തിന്റെ മറവിലെ മുസ്‌ലിം വേട്ട അവസാനിപ്പിക്കാനും സംഘപരിവാര്‍ വിദ്വേഷപ്രചാരകരെ മാതൃകാപരമായി ശിക്ഷിക്കാനും സര്‍ക്കാര്‍ ഉടന്‍ തയാറാവണമെന്നും അല്ലാത്തപക്ഷം സമുദായമൊന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.