മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വംശീയവാദിയായ യുദ്ധതന്ത്രജ്ഞന്റെ കപടവാക്കുകള്‍: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
ന്യൂഡല്‍ഹി: എല്ലാ പള്ളികളിലും ശിവലിംഗം തിരയേണ്ടതില്ല എന്നും ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാക്കേണ്ടതില്ലെന്നുമുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ മുസ് ലിംകളും രാജ്യസ്‌നേഹികളും വഞ്ചിതരാവരുതെന്നും വംശീയവാദിയായ യുദ്ധതന്ത്രജ്ഞന്റെ കപടവാക്കുകള്‍ മാത്രമാണതെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാന മുഹമ്മദ് അഹമ്മദ് ബേഗ് നദ് വി പ്രസ്താവിച്ചു.
ആര്‍എസ്എസ് മുഖ്യശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ള വിഭാഗങ്ങളില്‍ പ്രഥമസ്ഥാനീയരായ മുസ് ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനുള്ള ഗൂഢമായ ശ്രമങ്ങള്‍ ആര്‍എസ് എസ് കേന്ദ്രങ്ങളില്‍ ത്വരിതഗതിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണങ്ങളാണ് പലവിധത്തില്‍ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
നുണപ്രചാരണം നടത്തി ബാബരിമസ്ജിദ് പിടിച്ചെടുത്തവര്‍, ഇപ്പോള്‍ ഗ്യാന്‍വാപിക്കു നേരെയാണ് നുണപ്രചരിപ്പിച്ച് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. അവിടെ ശിവലിംഗമുണ്ട് അത് ക്ഷേത്രമായി വിട്ടുനല്‍കണമെന്നും അതിന് മുസ് ലിംകള്‍ സംഘര്‍ഷത്തിന് നില്‍ക്കാതെ സഹകരിക്കണമെന്നും അതിനിടയില്‍ മറ്റിടങ്ങളിലെ ശിവലിംഗ സാന്നിധ്യം ആരോപിച്ച് അലോസരമുണ്ടാക്കരുതെന്നുമാണ് അദ്ദേഹം പറഞ്ഞതിന്റെ താല്പര്യം.
സംഘപരിവാര്‍ നേതാക്കളും ജനപ്രതിനിധികളും ഹിന്ദുത്വ ഭരണാധികാരികളും നടത്തുന്ന മുസ് ലിംവിദ്വേഷ പ്രസ്താവനകള്‍ക്കും അവകാശവാദങ്ങള്‍ക്കും തന്ത്രപരമായി ചുക്കാന്‍ പിടിക്കുകയും പൊതുസമൂഹത്തിനിടയില്‍ മൃദുഹിന്ദുത്വം അഭിനയിച്ച് സര്‍വ്വ സ്വീകാര്യത നേടാനുമുള്ള അടവുനയമാണ് മോഹന്‍ ഭാഗവത് പയറ്റുന്നത്.
ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രവും ചരിത്രവും ലക്ഷ്യവും അറിയുന്നവര്‍ ഇത്തരം പ്രസ്താവനകളില്‍ വഞ്ചിതരാവില്ലെന്നും
ഗ്യാന്‍വാപി മസ്ജിദിനു നേരെയുള്ള ആര്‍എസ്എസ് കയ്യേറ്റം എന്തു വില കൊടുത്തും ചെറുത്തു തോല്പിക്കുമെന്നും ഇമാംസ് കൗണ്‍സില്‍ ദേശീയ അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.