ലാല്‍ മസ്ജിദ് കൈയേറാനുള്ള സര്‍ക്കാര്‍ നീക്കം ഉടന്‍ അവസാനിപ്പിക്കണം: മൗലാന അഹ്മദ് ബാഗ് നദ്‌വി

ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതും ഡല്‍ഹി സര്‍ക്കാര്‍ ഗസറ്റില്‍ ഉള്‍പ്പെട്ടതുമായ ലോധി റോഡിലെ നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയ്ക്ക് സമീപമുള്ള 200 വര്‍ഷം പഴക്കമുള്ള ലാല്‍ മസ്ജിദാണ് കേന്ദ്ര റിസര്‍വ് പോലിസ് കൈയേറി സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സി(സിആര്‍പിഎഫ്) ന് ഓഫിസ് പണിയുന്നത്.

Update: 2021-04-06 15:33 GMT

ന്യൂഡല്‍ഹി: 200 വര്‍ഷം പഴക്കമുള്ള ഡല്‍ഹിയിലെ ലാല്‍ മസ്ജിദും ഖബര്‍സ്ഥാന്‍ വഖഫ് ഭൂമിയും കൈയേറി സിആര്‍പിഎഫിന് ഓഫിസും ബാരക്കും നിര്‍മിക്കാനുള്ള ഗൂഢാലോചന സര്‍ക്കാര്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും രാജ്യത്ത് പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ അധ്യക്ഷന്‍ മൗലാന അഹ്മദ് ബാഗ് നദ്‌വി പ്രസ്താവിച്ചു. ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതും ഡല്‍ഹി സര്‍ക്കാര്‍ ഗസറ്റില്‍ ഉള്‍പ്പെട്ടതുമായ ലോധി റോഡിലെ നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയ്ക്ക് സമീപമുള്ള 200 വര്‍ഷം പഴക്കമുള്ള ലാല്‍ മസ്ജിദാണ് കേന്ദ്ര റിസര്‍വ് പോലിസ് കൈയേറി സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സി(സിആര്‍പിഎഫ്) ന് ഓഫിസ് പണിയുന്നത്.

മതേതര ഇന്ത്യയെ ലജ്ജിപ്പിക്കുന്ന നടപടിയാണിത്. ഹസ്രത്ത് നിസാമുദ്ദീന്‍ പോലിസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വഴി പള്ളി ഇമാമിനോടും മറ്റ് സേവകരോടും അവിടെ നിന്ന് ഒഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അപകടകരമായ നീക്കമാണ്. ബാബരി മസ്ജിദിന്റെ വഖഫ് ഭൂമി ബലാല്‍ക്കാരമായി പിടിച്ചെടുത്തതുമുതല്‍ ഇത്തരം ഗൂഢാലോചനകള്‍ വ്യാപകമാണ്. ഇതുസംബന്ധിച്ച് മുസ്‌ലിം നേതാക്കളും എന്‍ഡോവ്‌മെന്റ് ഉദ്യോഗസ്ഥരും മുസ്‌ലിം ജനതയും ജാഗരൂകരാവേണ്ടതുണ്ട്. ഈ പള്ളിയുടെ അറ്റകുറ്റപ്പണി നിയമപരമായി ഡല്‍ഹി വഖഫ് ബോര്‍ഡാണ് നടത്തുന്നത്.

എന്നാല്‍, ബോര്‍ഡിന്റെ അശ്രദ്ധയും നിരുത്തരവാദപരമായ പെരുമാറ്റവും പള്ളിയുടെ പരിപാലകനായ ഹബീബു റഹ്മാന്‍ സാഹിബിന്റെ മരണവും കാരണം സര്‍ക്കാര്‍ ഇതിന്‍മേല്‍ കണ്ണുവച്ചിരിക്കുകയാണ്. വഖഫ് ബോര്‍ഡിന്റെ അശ്രദ്ധമൂലം കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ ലാന്‍ഡ് ആന്റ് ഡവലപ്‌മെന്റ് ഓഫിസര്‍ (എല്‍ഡിഒ) സിആര്‍പിഎഫ് ഓഫിസുകളുടെ നിര്‍മാണത്തിനായി ലാല്‍ മസ്ജിദ് നിലകൊള്ളുന്ന സ്ഥാനത്ത് ബാരക്കുകള്‍, കാന്റീനുകള്‍, പാര്‍ക്കിങ് എന്നിവയ്ക്കായി 2.33 ഏക്കര്‍ വഖഫ് ഭൂമി 2017 ഫെബ്രുവരി 8 ന് അന്യായമായി അനുവദിച്ചു. ഇക്കാര്യം പോലിസ് സ്‌റ്റേഷനില്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോലും അഞ്ചുമാസമെടുത്തു.

2017 ജൂലൈ 29 ന് ഹസ്രത്ത് നിസാമുദ്ദീന്‍ പോലിസ് സ്റ്റേഷനില്‍ വഖഫ് ബോര്‍ഡ് നല്‍കിയ പരാതിയില്‍ ഇങ്ങനെ ആവശ്യപ്പെട്ടു. 'ഡല്‍ഹി സര്‍ക്കാര്‍ ഗസറ്റില്‍ ഈ ഭൂമി വഖ്ഫാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. അതിനാല്‍, ഈ പ്ലോട്ടുകളിലെ എല്ലാ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണം'. ലാല്‍ മസ്ജിദ് പിടിച്ചെടുക്കാന്‍ സമാനമായ ശ്രമങ്ങള്‍ 2017 ലും 2019 ലും രണ്ടുതവണ നടന്നിട്ടുണ്ട്. രണ്ട് അവസരങ്ങളിലും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അമാനത്തുല്ലഖാനും പിന്നീട് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.സഫറുല്‍ ഇസ്‌ലാം ഖാനും ഇടപെട്ടതിനാല്‍ ലക്ഷ്യം കണ്ടിരുന്നില്ല. ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ഇത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുന്നതായും ഇതിനെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ കോടതി സന്നദ്ധമാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Tags:    

Similar News