സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹരജിയില്‍ വിധി പറയാന്‍ മാറ്റി
ഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മഥുരയിലെ പ്രാദേശിക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കാപ്പന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്
ലഖ്‌നോ: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജിയില്‍ വിധി പറയുന്നത് അലഹബാദ് ഹൈക്കോടതി മാറ്റി വെച്ചു.ലഖ്‌നോ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ പഹല്‍ ഹരജിയില്‍ ഇരുവിഭാഗത്തിന്റേയും വാദം കേട്ട ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു. കാപ്പനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഐ ബി സിങ്, ഇഷാന്‍ ഭഗല്‍ എന്നിവരാണ് ഹാജരായത്.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് കാപ്പന്‍ ഹരജി സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മഥുരയിലെ പ്രാദേശിക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കാപ്പന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്യുന്നത്.സമാധാനാന്തരീക്ഷം തകര്‍ത്തുവെന്നാരോപിച്ച് ആദ്യം അറസ്റ്റ് ചെയ്ത ഇവരെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.തുടര്‍ന്ന്, വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ച് യുഎപിഎ പ്രകാരം കേസെടുക്കുകയായിരുന്നു.
യുഎപിഎ, രാജ്യദ്രോഹം,വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണ് കാപ്പനെതിരേ ചുമത്തിയത്.കടുത്ത നിയമങ്ങള്‍ ചാര്‍ത്തിയും കള്ളക്കേസുകള്‍ കെട്ടിച്ചമച്ചും യുപി ഭരണകൂടം സിദ്ദീഖ് കാപ്പന്റെ മോചനം തടയുകയായിരുന്നു.ചികില്‍സ തടയുന്നത് ഉള്‍പ്പടെയുള്ള കടുത്ത നീതി നിഷേധങ്ങള്‍ക്ക് കാപ്പന്‍ ഇരയായി.