കള്ളപ്പണം കവര്‍ച്ച, കോഴ ആരോപണം: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയേക്കും
പകരം സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിനെ സംസ്ഥാന അധ്യക്ഷനാക്കുമെന്നാണ് ബിജെപി വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. ഇതിന്റെ ആദ്യപടിയാണ് എം ടി രമേശിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗം.
ന്യൂഡല്‍ഹി: തുടര്‍ച്ചയായി ആരോപണങ്ങള്‍ നേരിടുന്ന കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയില്‍നിന്ന് നീക്കിയേക്കും. പകരം സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിനെ സംസ്ഥാന അധ്യക്ഷനാക്കുമെന്നാണ് ബിജെപി വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. ഇതിന്റെ ആദ്യപടിയാണ് എം ടി രമേശിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗം. കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുളളവര്‍ ഓണ്‍ലൈനായി ചേര്‍ന്ന ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പാര്‍ട്ടി നേരിടുന്ന എല്ലാ വിഷയങ്ങളും രമേശിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.
കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് എം ടി രമേശ് അധ്യക്ഷ പദവി അലങ്കരിച്ചത്. സുരേന്ദ്രനെ മാറ്റണമെന്ന് കൃഷ്ണദാസ്- ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ആര്‍എസ്എസ്സും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ടെന്നാണ് സൂചന. ബിജെപി നേതാക്കള്‍ പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണ കവര്‍ച്ച, മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിക്ക് പണം നല്‍കി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചു, ആദിവാസി നേതാവ് സി കെ ജാനുവിന് 10 ലക്ഷം നല്‍കി.. തുടങ്ങി ഒന്നിന് പിറകെ ഒന്നായി ഉയര്‍ന്ന ആരോപണങ്ങളിലെല്ലാം കെ സുരേന്ദ്രന്റെ പേരാണ് ഉയര്‍ന്നുവന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയവും കെ സുരേന്ദ്രന് തിരിച്ചടിയായിട്ടുണ്ട്.
35 സീറ്റ് നേടി കേരളത്തില്‍ അധികാരം പിടിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആകെയുണ്ടായിരുന്ന നേമം സീറ്റുകൂടി നഷ്ടമായി. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും ഒന്നിന് പുറകെ ഒന്നായുണ്ടായ ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ കേന്ദ്രനേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചത്. അതേസമയം, ഡല്‍ഹിയിലെത്തിയ കെ സുരേന്ദ്രന് അദ്ദേഹത്തിന്റെ ഭാഗം കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് റിപോര്‍ട്ടുകള്‍. നരേന്ദ്രമോദിയെയും അമിത് ഷായെയും നേരില്‍ കാണാനുള്ള സുരേന്ദ്രന്റെ ശ്രമവും വിഫലമായി.
അധ്യക്ഷസ്ഥാനത്ത് തല്‍ക്കാലം തുടരട്ടെയെന്നും കെ സുരേന്ദ്രനെതിരായ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനുമാണ് സംസ്ഥാന നേതൃത്വത്തിന് കേന്ദ്രനേതൃത്വം ആദ്യം നല്‍കിയിരുന്ന നിര്‍ദേശം. പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികള്‍ ആവശ്യമാണെങ്കിലും സംസ്ഥാന അധ്യക്ഷനെ അടക്കം മാറ്റുന്നത് കൂടുതല്‍ തിരിച്ചടിയ്ക്ക് ഇടയാക്കുമെന്നാണ് ബിജെപി നേതൃത്വം കരുതിയിരുന്നത്. കൊച്ചിയില്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ബിജെപി ദേശീയ നേതാക്കള്‍ അടക്കം വാര്‍ത്താസമ്മേളനം നടത്തി സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണ്.
എന്നാല്‍, സുരേന്ദ്രനെതിരേ പാര്‍ട്ടിയിലെ വിമതപക്ഷം സ്വീകരിക്കുന്ന നിലപാട് കേന്ദ്രനേതൃത്വത്തെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് അറിയുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ കെ സുരേന്ദ്രന്റെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തരാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ അവര്‍ കേന്ദ്രനേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം അവരുടെ വാദങ്ങള്‍ക്ക് കൂടുതല്‍ ബലം കിട്ടി. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിമതപക്ഷം നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്രനേതൃത്വം നേതൃമാറ്റത്തെക്കുറിച്ച് ആലോചനകള്‍ നടത്തുന്നത്.