ആംബുലന്‍സ് നല്‍കിയില്ല; ഇന്‍ഡോറില്‍ സ്‌കൂട്ടറില്‍ ആശുപത്രിയിലെത്തിച്ച രോഗികള്‍ മരിച്ചു
രണ്ടാമത്തെ സംഭവം ഖണ്ട്വ ജില്ലയിലെ ഖഡക് പുര പ്രദേശത്ത് നിന്നാണ്. 65 കാരനായ ഷെയ്ഖ് ഹമീദിനാണ് ആംബുലന്‍സ് നിഷേധിച്ചത്.
ഇന്‍ഡോര്‍: ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു. മധ്യപ്രദേശിലെ കൊറോണ ഹോട്ട്‌സ്‌പോട്ടായ ഇന്‍ഡോറില്‍ ഇത്തരത്തിലുള്ള രണ്ടു സംഭവങ്ങളാണുണ്ടായതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ആദ്യ സംഭവത്തില്‍ ബദ്‌വാലി ചൗക്കി സ്വദേശിയായ പാണ്ഡു ചന്ദനാ(60)ണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ടി ആംബുലന്‍സിന് ആവശ്യപ്പെട്ടെങ്കിലും നിഷേധിക്കുകയായിരുന്നു. കൊറോണ വ്യാപനം നടന്ന പ്രദേശമായതിനാലാണ് ആംബുലന്‍സ് നിഷേധിച്ചതെന്നാണ് ആരോപണം. ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പരിശോധന നടത്താതെ രോഗിക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് തിരിച്ചയച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ വിളിച്ച് ആംബുലന്‍സ് അയക്കാന്‍ പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് മഹാരാഹ യശ്വന്ത് റാവു ആശുപത്രിയിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും രോഗി മരണപ്പെട്ടിരുന്നു. എന്നാല്‍, പാണ്ഡുവിന്റെ ബന്ധുക്കളുടെ ആരോപണം ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രവീണ്‍ ജാദിയ നിഷേധിച്ചു. തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയ ശേഷം ഇവര്‍ ചൊവ്വാഴ്ച ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ശേഷം ഹാരാഹ യശ്വന്ത് റാവു ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും ആശുപത്രിയിലെത്തും മുമ്പാണ് അയാള്‍ മരിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. എംവൈ ആശുപത്രി സൂപ്രണ്ട് പിഎസ് ഠാക്കൂര്‍ സംഭവം സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളില്‍ നിന്ന് കൊവിഡ് 19 പരിശോധിക്കുന്നതിനായി സാംപിളുകള്‍ ശേഖരിക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടാമത്തെ സംഭവം ഖണ്ട്വ ജില്ലയിലെ ഖഡക്പുര പ്രദേശത്ത് നിന്നാണ്. 65 കാരനായ ഷെയ്ഖ് ഹമീദിനാണ് ആംബുലന്‍സ് നിഷേധിച്ചത്. രക്തത്തിലെ പഞ്ചസാര പ്രശ്‌നങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ബാധിച്ച ഇദ്ദേഹത്തെ സ്‌കൂട്ടറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈദ്യസഹായം ലഭിക്കുന്നതിന് മുമ്പ് മരണപ്പെട്ടു. ഖഡക്പുര പ്രദേശത്ത് ഇപ്പോള്‍ 14 കൊവിഡ് 19 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡോര്‍ സംഭവത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ യാദവ് പ്രതിഷേധിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങി ചൗ ഹാന്റെ സ്വപ്ന നഗരമായ ഇന്‍ഡോറിലെ ആരോഗ്യ പ്രതിസന്ധിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു. താങ്കള്‍ക്ക് സ്വയം പുകഴ്ത്താന്‍ കഴിയും. പക്ഷേ, നിങ്ങളുടെ സ്വപ്ന നഗരമായ ഇന്‍ഡോറില്‍ നിന്ന് ഈ വീഡിയോ കാണുക. ഈ രോഗി മൂന്ന് ആശുപത്രികളില്‍ ഓടിയെത്തി. എന്നിട്ടും ആംബുലന്‍സ് ലഭിച്ചില്ല, ലഭിച്ചത് മരണമാണെന്നും യാദവ് ട്വീറ്റ് ചെയ്തു. വിശദാംശങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് തോക്ക് ചാടുന്ന പതിവ് കോണ്‍ഗ്രസിനാണ്. ഏത് മരണവും നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, വിശദാംശങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് എടുത്തുചാടുകയാണെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പ്രതികരിച്ചു.കൊറോണ വൈറസ് ബാധിച്ച് മധ്യപ്രദേശില്‍ 53 പേരാണ് മരണപ്പെട്ടത്. 900 ഓളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്‍ഡോറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 200ലേറെ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ 70 ശതമാനം കേസുകളും ഇവിടെയാണ്. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് മധ്യപ്രദേശ് ഭരണം ബിജെപി പിടിച്ചെടുത്തത്.