മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന് ഇടക്കാലജാമ്യം അനുവദിച്ച് സുപ്രിം കോടതി;ജാമ്യം ലഭിച്ചത് യുപി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍
സീതാപൂര്‍ കോടതിയിലെ കേസിന് മാത്രം ബാധകമാണെന്നും ഡല്‍ഹി അടക്കമുള്ള മറ്റു കേസുകള്‍ക്ക് ബാധകമല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി
ന്യൂഡല്‍ഹി:ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഇടക്കാലജാമ്യം അനുവദിച്ച് സുപ്രിംകോടതി.യുപി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.അഞ്ചു ദിവസത്തെ ഇടക്കാലജാമ്യമാണ് സുബൈറിന് അനുവദിച്ചത്. ഡല്‍ഹി പോലിസ് കസ്റ്റഡിയിലുള്ള സുബൈറിന് നിലവില്‍ പുറത്തിറങ്ങാനാവില്ല.
ഡല്‍ഹി മജിസ്‌ട്രേറ്റിന്റെ അധികാരപരിധി വിട്ടുപോകരുതെന്നും ട്വീറ്റുകളൊന്നും ഇടരുതെന്നും ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.ഇടക്കാല ഉത്തരവ് സീതാപൂര്‍ കോടതിയിലെ കേസിന് മാത്രം ബാധകമാണെന്നും ഡല്‍ഹി അടക്കമുള്ള മറ്റു കേസുകള്‍ക്ക് ബാധകമല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.അവധി കഴിഞ്ഞ് കോടതി തുറക്കുമ്പോള്‍ ഉചിതമായ ബെഞ്ച് ഹരജി പരിഗണിക്കുമെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു.ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ജെകെ മഹേശ്വരി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തി എന്നാണ് സുബൈറിനെതിരേയുള്ള കേസ്.ചെയ്യാത്ത കുറ്റത്തിന് യുപി പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.സുബൈറിന്റെ ട്വീറ്റുകള്‍ ക്രമസമാധാനത്തിന് ഭംഗം ഉണ്ടാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.സുബൈര്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന സിന്റിക്കേറ്റിന്റെ ഭാഗമാണെന്നും കോടതിയില്‍ വാദിച്ചു. നിരന്തരമായ ട്വീറ്റുകള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നതിന്റെ ഭാഗമാണ്. പുറമേ നിന്നുള്ള സാമ്പത്തിക ഇടപാടും റിമാന്‍ഡ് ചെയ്യാന്‍ കാരണമായെന്ന് ആറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.യുപി പോലിസ് സുബൈറിനെതിരെ എടുത്ത എഫ്‌ഐആര്‍ റദ്ദാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഡല്‍ഹി വിട്ട് പുറത്തുപോകരുത്, ട്വീറ്റ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. 2018ലെ ട്വീറ്റിന്റെ പേരിലാണ് മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി സുബൈറിനെ അറസ്റ്റ് ചെയ്തത്.ഒരു പ്രത്യേക മതത്തിലെ ദൈവത്തെ ബോധപൂര്‍വം അപമാനിക്കുന്നതിനായി സുബൈര്‍ 'ചോദ്യം ചെയ്യുന്ന തരത്തിലുള്ള' ചിത്രം ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് '@balajikijaiin' എന്ന ട്വിറ്റര്‍ ഉപയോക്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.