ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 28 മുതല്‍ ആഗസ്ത് 22 വരെ നിശ്ചയിച്ചിരുന്ന അമര്‍നാഥ് യാത്ര റദ്ദാക്കിയേക്കുമെന്നു റിപോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തുടനീളം 3,400 മരണങ്ങളും 3.8 ലക്ഷം കൊവിഡ് -19 കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ തീരുമാനത്തിനു സാധ്യതയെന്നു ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു. വര്‍ധിച്ചുവരുന്ന കൊവിഡ് വ്യാപനം കാരണം യാത്ര റദ്ദാക്കാനുള്ള തീരുമാനമെടുക്കുമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവര്‍ണറുടെ അധ്യക്ഷതയിലുള്ള ഉപദേശക സമിതിയാണ് യാത്ര സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകങ്കിലും കേന്ദ്ര സര്‍ക്കാരിന് ഇത് ശുപാര്‍ശ ചെയ്യാന്‍ കഴിയും. എന്നിരുന്നാലും, യാത്രയുടെ ഉത്തരവാദിത്തമുള്ള ശ്രീ അമര്‍നാഥ്ജി ദേവാലയ ബോര്‍ഡ്(എസ്എഎസ്ബി) അംഗങ്ങളുമായി സമിതി ചര്‍ച്ച നടത്തിയേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ.
ചര്‍ച്ചകള്‍ നടക്കുകയാണെന്നും യാത്ര റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നു ഒരു ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊറോണ വൈറസിന്റെ വര്‍ധിച്ചുവരുന്ന കേസുകളും അണുബാധ എത്ര വേഗത്തില്‍ പടരുന്നുവെന്നതും കണക്കിലെടുത്ത് ഇതുപോലുള്ള വലിയ ഒത്തുചേരലുകള്‍ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നാണു നിഗമനം. അതിനാല്‍ യാത്ര റദ്ദാക്കാന്‍ ഇടപെടല്‍ നടത്തും. തീരുമാനിച്ചു കഴിഞ്ഞാലുടന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിച്ചെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത്ഏപ്രില്‍ 22 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
56 ദിവസം നീണ്ടുനില്‍ക്കുന്നതാണ് അമര്‍നാഥ് യാത്ര. 3,880 മീറ്റര്‍ വരെ ഉയരമുള്ള ദേവാലയത്തിലേക്ക് പല്‍ഗാമിലെയും ബല്‍ത്താലിലെയും ഇരട്ട റൂട്ടുകളില്‍ നിന്നാണ് ആരംഭിക്കുന്നത്. കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം ഇത് റദ്ദാക്കുകയും അമര്‍നാഥിലെ ഗുഹാക്ഷേത്രത്തില്‍ നിന്ന് ചടങ്ങുകള്‍ എസ്എസ്ബി പ്രക്ഷേപണം ചെയ്യുകയും ചെയ്തു. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുമ്പായി അമര്‍നാഥ് യാത്ര വെട്ടിക്കുറച്ചിരുന്നു. ഈ ആഴ്ച ആദ്യം, ഉത്തരാഖണ്ഡിലെ പ്രശസ്തമായ നാല് ഹിമാലയന്‍ ആരാധനാലയങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയിലേക്കുള്ള ചാര്‍ ധാം യാത്രയും കൊവിഡിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. മെയ് 14 നാണ് തീര്‍ത്ഥാടനം ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്ത് വ്യാഴാഴ്ചയാണ് തീരുമാനം പ്രഖ്യാപിച്ചത്. എന്നിരുന്നാലും, നാല് ഹിമാലയന്‍ ക്ഷേത്രങ്ങളുടെ കവാടങ്ങള്‍ മുന്‍നിശ്ചയിച്ച പ്രകാരം തുറക്കുകയും പുരോഹിതന്മാര്‍ പൂജകളും അനുഷ്ഠാനങ്ങളും നടത്തുകയും ചെയ്യും.
Amarnath Yatra is likely to be called off as Covid cases surge