മഹാരാഷ്ട്രയിലെ ബാങ്കില്‍ മുന്‍ മാനേജരുടെ നേതൃത്വത്തില്‍ കവര്‍ച്ചാശ്രമം; എതിര്‍ത്ത ഉദ്യോഗസ്ഥയെ കുത്തിക്കൊന്നു
സംഭവത്തില്‍ ഇതേ ബാങ്കിലെ മുന്‍ മാനേജരായ അനില്‍ ദുബെയെ പോലിസ് അറസ്റ്റുചെയ്തു. കൂട്ടാളി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ജില്ലയിലെ ഐസിഐസിഐ ബാങ്കിന്റെ വിരാര്‍ ഈസ്റ്റ് ബ്രാഞ്ചില്‍ വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവമുണ്ടായത്.
മുംബൈ: മഹാരാഷ്ട്രയിലെ സ്വകാര്യബാങ്കില്‍ മുന്‍ മാനേജരുടെ നേതൃത്വത്തില്‍ കവര്‍ച്ചാശ്രമവും കൊലപാതകവും. കവര്‍ച്ചയെ ചെറുത്ത ബാങ്കിലെ ഒരു ഉദ്യോഗസ്ഥയെ അക്രമികള്‍ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു ജീവനക്കാരിയെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഇതേ ബാങ്കിലെ മുന്‍ മാനേജരായ അനില്‍ ദുബെയെ പോലിസ് അറസ്റ്റുചെയ്തു. കൂട്ടാളി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ജില്ലയിലെ ഐസിഐസിഐ ബാങ്കിന്റെ വിരാര്‍ ഈസ്റ്റ് ബ്രാഞ്ചില്‍ വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവമുണ്ടായത്. അക്രമം നടക്കുമ്പോള്‍ ബാങ്കിലെ അസിസ്റ്റന്റ് മാനേജരായ യോഗിത വര്‍ത്തക്കിയും കാഷ്യര്‍ ശ്രദ്ധ ദേവ്രുഖറും മാത്രമാണുണ്ടായിരുന്നത്.
ബാങ്കില്‍ അതിക്രമിച്ച് കടന്ന അനില്‍ ദുബെയും കൂട്ടാളിയും ചേര്‍ന്ന് പണവും ആഭരണങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു അക്രമികളുടെ ഭീഷണി. എന്നാല്‍, ഉദ്യോഗസ്ഥര്‍ ഇതിന് തയ്യാറായില്ല. അവര്‍ അലാറം മുഴക്കുകയും കവര്‍ച്ച നടത്തുന്നതില്‍നിന്ന് അക്രമികളെ തടയാനും ശ്രമിച്ചു. ഇതോടെ അനില്‍ ദുബെയും കൂട്ടാളിയും ചേര്‍ന്ന് ഇവരെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അസിസ്റ്റന്റ് മാനേജരായ യോഗിത സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി വിരാര്‍ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് വരദേ പറഞ്ഞു.
സഹപ്രവര്‍ത്തകയായ ശ്രദ്ധയ്ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരിപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഓടിപ്പോവാന്‍ ശ്രമിച്ച അനില്‍ ദുബെയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് സുരേഷ് വരദേ പറഞ്ഞു. ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും രക്തത്തില്‍ കുളിച്ചുകിടന്ന യോഗിതയുടെ മരണം സംഭവിച്ചിരുന്നതായി പോലിസ് പറയുന്നു. ഇതേ ബാങ്കിന്റെ മുന്‍ മാനേജരായ നില്‍ ദുബെ ഒരുകോടി രൂപ വായ്പയെടുത്തിരുന്നു.
തുക തിരിച്ചടയ്ക്കാന്‍ വേണ്ടി ബാങ്ക് കൊള്ളയടിക്കാന്‍ ഇയാള്‍ ഗൂഢാലോചന നടത്തുകയും ചെയ്തു സുരേഷ് വരദെ പറഞ്ഞു. യോഗിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലിസ് പറഞ്ഞു. വിരാര്‍ പോലിസ് സ്‌റ്റേഷനില്‍ ഐപിസി 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 397 (കവര്‍ച്ച) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. അനില്‍ ദുബെയുടെ കൂട്ടാളിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.