മോദിയെ ഗാന്ധിജിയോട് ഉപമിച്ച് അമിത് ഷാ; നാല് ഗുജറാത്തികള്‍ ഇന്ത്യയ്ക്ക് വന്‍ സംഭാവനകള്‍ നല്‍കിയെന്ന്

Update: 2023-05-19 05:33 GMT

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ ഗാന്ധിജിയോട് ഉപമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ആധുനിക ഇന്ത്യയുടെ ചരിത്രത്തിന് നാല് ഗുജറാത്തികള്‍ കാര്യമായ സംഭവനകള്‍ നല്‍കിയെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൊറാര്‍ജി ദേശായി, നരേന്ദ്രമോദി എന്നിവരുടെ പേരുകളാണ് പരാമര്‍ശിച്ചത്. ഡല്‍ഹിയില്‍ ശ്രീ ഡല്‍ഹി ഗുജറാത്തി സമാജത്തിന്റെ 125ാം വാര്‍ഷികാഘോഷ ചടങ്ങിലാണ് അമിത്ഷായുടെ വാക്കുകള്‍. ഗാന്ധിജിയുടെ പ്രയത്‌നങ്ങള്‍ രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കി. സര്‍ദാര്‍ പട്ടേലിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം രാജ്യം ഒന്നായി. മൊറാര്‍ജി ദേശായി രാജ്യത്ത് ജനാധിപത്യം പുനരുജ്ജീവിപ്പിച്ചു. നരേന്ദ്രമോദി കാരണം ലോകമാകെ ഇന്ത്യ ആഘോഷിക്കപ്പെടുന്നു എന്നായിരുന്നു അമിത് ഷായുടെ പ്രസംഗം. മോദി എല്ലാവരുടേതും എല്ലാവരും അദ്ദേഹത്തിന്റേതുമായതിനാലാണ് രാജ്യത്തിന് അഭിമാനമായി മാറുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഈ നാല് ഗുജറാത്തികളും വലിയ കാര്യങ്ങള്‍ നേടിയെടുത്തു. അവര്‍ രാജ്യത്തിന്റെ തന്നെ അഭിമാനമാണ്. രാജ്യത്തും ലോകത്തുമുടനീളം ഗുജറാത്തി സമൂഹങ്ങളുണ്ടെന്നും ഗുജറാത്തി ഭാഷയില്‍ നടത്തിയ പ്രസംഗത്തില്‍ അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ആര്‍ക്കും അനാവശ്യ ഇടപെടല്‍ നടത്താന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിക്കൊടുത്തു. 130 കോടി ജനങ്ങളുള്ള രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ തടസങ്ങളില്ലാതെ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായി. സ്റ്റാര്‍ട്ട് അപ്പുകളുടെ മേഖലയില്‍ ഇന്ത്യ മൂന്നാമതും പുനഃരുപയോഗ ഊര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ നാലാമതും എത്തി. അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടാതെ തന്നെ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞു. തീവ്രവാദത്തിനെതിരേ സഹിഷ്ണുതയില്ലാത്ത നിലപാട് സ്വീകരിച്ചു. ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി ഒരുപാട് കാര്യങ്ങള്‍ ചെയ്‌തെന്നും അമിത് ഷാ പുകഴ്ത്തി.

Tags:    

Similar News