അമിത് ഷായുമായി ചര്‍ച്ച പരാജയം; കര്‍ഷക സംഘടനകളുടെ യോഗം ഇന്ന്

നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ഇന്നു നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറി. നാളെ സംഘടനകള്‍ യോഗം ചേരും. നിയമം പിന്‍വലിക്കുമെന്ന ഉറപ്പില്ലാതെ സമരം തീരില്ലെന്ന് കര്‍ഷക നേതാവ് ഹന്നന്‍ മൊല്ല പ്രതികരിച്ചു.

Update: 2020-12-09 00:49 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.

നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ഇന്നു നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറി. നാളെ സംഘടനകള്‍ യോഗം ചേരും. നിയമം പിന്‍വലിക്കുമെന്ന ഉറപ്പില്ലാതെ സമരം തീരില്ലെന്ന് കര്‍ഷക നേതാവ് ഹന്നന്‍ മൊല്ല പ്രതികരിച്ചു.

അമിത് ഷായുടെ വസതിയില്‍വച്ച് ചര്‍ച്ച നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം വേദി മാറ്റുകയായിരുന്നു. മാധ്യമങ്ങളെ മാറ്റാനാണ് വേദി മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷിമന്ത്രാലയത്തിനു കീഴിലെ പുസ ഇന്‍സ്റ്റിറ്റിയൂട്ടിലേക്കാണ് ചര്‍ച്ചയുടെ വേദി മാറ്റിയത്. 13 കര്‍ഷകനേതാക്കള്‍ അമിത് ഷായുമായി ചര്‍ച്ച നടത്തി. കാര്‍ഷികനിയമം പിന്‍വലിച്ചുള്ള ഒത്തുതീര്‍പ്പ് ആലോചിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അഞ്ച് ഉറപ്പുകള്‍ എഴുതി നല്‍കാമെന്ന് അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ ചര്‍ച്ചയിലും ഇതേ നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്ന് പറഞ്ഞ കര്‍ഷകര്‍ നിയമം പിന്‍വലിക്കുമോ ഇല്ലേയെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഇത് നടക്കാതെ വന്നതോടെയാണ് നാളത്തെ ചര്‍ച്ചയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം.

കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ആറാംഘട്ട ചര്‍ച്ച നടത്താനിരിക്കെയാണ് ഒരു വിഭാഗം കര്‍ഷകരെ അമിത് ഷാ അനുരഞ്ജന ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. നേരത്തെ ചര്‍ച്ചയുടെ വേദി മാറ്റിയതില്‍ പ്രതിഷേധിച്ച് ചര്‍ച്ച ബഹിഷ്‌ക്കരിച്ച കര്‍ഷക നേതാവ് റോള്‍ദു സിംഗിനെ പോലിസ് സുരക്ഷയോടെ തിരിച്ചെത്തിച്ചു. ഇന്നു രാവിലെ കേന്ദ്രമന്ത്രിസഭാ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ദേശവ്യാപകമായി കര്‍ഷക സംഘടനകള്‍ നടത്തിയ ബന്ദ് ശക്തമായിരുന്നു. പൊതുവേ സമാധാനപരമായിരുന്നു പ്രതിഷേധം. കേന്ദ്രസര്‍ക്കാരിനെതിരായ ശക്തമായ പ്രതിഷേധം ബന്ദില്‍ പ്രതിഫലിച്ചു. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗത്തും പ്രതിപക്ഷ നേതാക്കളെ ഒന്നൊന്നായി അറസ്റ്റ് ചെയ്തതും വീട്ടുതടങ്കലിലാക്കിയതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.


Tags:    

Similar News