നിയമോപദേശം തേടി 'അമ്മ';വിജയ് ബാബുവിനെതിരേ നടപടിയുണ്ടായേക്കും

നടിയെ കൂടാതെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരേ മീ ടൂ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്

Update: 2022-04-30 08:39 GMT

കൊച്ചി:നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി കേസില്‍ നിയമോപദേശം തേടി താര സംഘടനയായ 'അമ്മ'.അമ്മയുടെ അവെയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അടിയന്തരയോഗം നാളെ കൊച്ചിയില്‍ വിളിച്ചിരിക്കുകയാണ്.പീഡനക്കേസില്‍ സിനിമാ താരങ്ങളില്‍നിന്ന് ഇതുവരെയും പ്രതികരണം ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം വിവിധ കോണുകളില്‍നിന്ന് ഉയരുന്ന പശ്ചാത്തലത്തിലാണ് തിടുക്കപ്പെട്ടുള്ള യോഗം.

നാളത്തെ യോഗത്തില്‍ വിജയ് ബാബുവിനെതിരേ നടപടി ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. ആഭ്യന്തര പരാതി പരിഹാര സെല്ലിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.നിലവില്‍ വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പോലിസ് ശ്രമം തുടങ്ങിയ സാഹചര്യത്തിലാണ് അമ്മയുടെ അടിയന്തര നടപടി. വിജയ് ബാബുവിനെതിരായ നടപടി റിപോര്‍ട്ട് കിട്ടിയശേഷം തീരുമാനിക്കും.

ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിയായ യുവതി പീഡന പരാതി നല്‍കിയത്.സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബാലാല്‍സംഗ ചെയ്‌തെന്നാണ് പരാതി. പരാതിക്ക് പിന്നാലെ പരാതിക്കാരിയല്ല താനാണ് യഥാര്‍ഥ ഇരയെന്ന് പറഞ്ഞ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്.പീഡന കുറ്റത്തിന് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ തേവര പോലിസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

നടിയെ കൂടാതെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരേ മീ ടൂ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.











Tags:    

Similar News