അമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

Update: 2024-12-22 06:33 GMT

തിരുവനന്തപുരം: പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച അമ്മു സജീവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരിക്കുകളാണ് മരണത്തിന് കാരണം. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാര്‍ന്നിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇടുപ്പെല്ല് തകര്‍ന്നതിനെ തുടര്‍ന്ന് രക്തം വാര്‍ന്നുപോയിരുന്നു. വലതു ശ്വാസകോശത്തിനു താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നു. മരിച്ച ദിവസം അമ്മു ഭക്ഷണം കഴിച്ചിരുന്നില്ലെന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രക്തത്തിന്റെയും ആന്തരിക അവയവങ്ങളുടെയും സാമ്പിള്‍ ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു പോലിസിന്റെ കണ്ടെത്തല്‍. പോലിസിന് നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. മകളെ ഇവര്‍ മാനസികമായി പീഡിച്ചിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. പിന്നീട് പത്തനംതിട്ട കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. മരണത്തില്‍ ചുട്ടിപ്പാറ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയിരുന്നു.

Similar News