സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; കണ്ണൂര്‍ സ്വദേശിയായ മൂന്നുവയസ്സുകാരനാണ് രോഗബാധ
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസ്സുകാരന് രോഗം സ്ഥിരീകരിച്ചത്. പുതുച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായതെന്നാണ് വിവരം. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നാണ് ശനിയാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അതിനിടെ, മറ്റൊരു കുട്ടിയെ കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളോടെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരനാണ് ചികില്‍സയിലുള്ളത്. കുട്ടിയുടെ പരിശോധനാഫലം വെള്ളിയാഴ്ച ലഭിക്കും.
രോഗമുക്തിയുടെ ആശ്വാസത്തിനിടെയും ആശങ്ക വര്‍ധിപ്പിച്ച് രോഗബാധ
ലോകത്ത് തന്നെ അത്യപൂര്‍വമായ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികില്‍സയിലായിരുന്ന അഫ്‌നാന്‍(14) കഴിഞ്ഞദിവസം രോഗമുക്തി നേടിയതിന്റെ ആശ്വാസത്തിനിടെയും വീണ്ടും രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് കാരണമാക്കിയിട്ടുണ്ട്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടിയത്. 97 ശതമാനം മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് അഫ്‌നാന്‍ രോഗമുക്തി നേടിയത്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചത് 11 പേര്‍ മാത്രമാണ്. അമീബിക് മസ്തിഷ്‌കജ്വരം റിപോര്‍ട്ട് ചെയ്ത് ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരണപ്പെട്ടത്.
കൂടുതലും ബാധിക്കുന്നത് കുട്ടികളെ
അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായും ബാധിക്കുന്നത് കുട്ടികളെയാണെന്നാണ് മനസ്സിലാവുന്നത്. കേരളത്തില്‍ മൂന്നുപേരാണ് ഇതുവരെ മരണപ്പെട്ടത്. കോഴിക്കോട് ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകന്‍ മൃദുല്‍(14) ആണ് അവസാനം മരണപ്പെട്ടത്. ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തില്‍ കുളിച്ച ശേഷമാണ് അണുബാധ ഉണ്ടായത്. ഫാറൂഖ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബു-ധന്യ ദമ്പതികളുടെ മകള്‍ വി ദക്ഷിണ (13) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ജൂണ്‍ 12നാണ് മരിച്ചത്. ജനുവരിയില്‍ സ്‌കൂളില്‍ നിന്ന് മുന്നാറിലേക്ക് പഠനയാത്ര പോയപ്പോള്‍ സ്വിമ്മിങ് പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്കു കാരണമെന്നാണ് സംശയം. വിനോദയാത്ര കഴിഞ്ഞ് മൂന്നര മാസത്തിനു ശേഷം മെയ് എട്ടിനാണ് ലക്ഷണങ്ങള്‍ കണ്ടത്. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ ഹസന്‍ കുട്ടി-ഫസ്‌ന ദമ്പതികളുടെ മകള്‍ ഫദ്‌വ(5) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മെയ് 20 നാണ് മരണപ്പെട്ടത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലെ പാറക്കല്‍ കടവില്‍ കുളിച്ച ശേഷമാണ് ഫദ് വയ്ക്ക് ലക്ഷണങ്ങള്‍ കണ്ടത്.