ആന്ധ്രയുടെ സ്ഥിരം തലസ്ഥാനം ഇനി അമരാവതി മാത്രം; ത്രിമാന തലസ്ഥാന ബില്ല് റദ്ദാക്കി

വിശാഖപട്ടണത്ത് പുതിയ സെക്രട്ടറിയേറ്റ് നിര്‍മിക്കാനുള്ള ഒരുക്കത്തിനിടെയാണ് ജഗന്‍മോഹന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം.അമരാവതിയെ ആന്ധ്രയുടെ തലസ്ഥാനമാക്കിക്കൊണ്ടുള്ള ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ വര്‍ഷമാണ് വൈഎസ്ആര്‍ സര്‍ക്കാര്‍ റദ്ദാക്കിയത്

Update: 2021-11-22 18:07 GMT
ഹൈദരാബാദ്: ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് മൂന്ന് വ്യത്യസ്ത തലസ്ഥാനമെന്ന വിവാദ ബില്ല് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ റദ്ദാക്കി. അമരാവതിയായിരിക്കും ഇനി മുതല്‍ ആന്ധ്രയുടെ സ്ഥിരം തലസ്ഥാനം. വിശാഖപട്ടണം എക്‌സിക്യൂട്ടീവ് തലസ്ഥാനമായും അമരാവതി ലെജിസ്ലേറ്റീവ് തലസ്ഥാനമായും കര്‍ണൂല്‍ ജുഡീഷ്യല്‍ തലസ്ഥാനമായും തിരിച്ചുള്ള എപി ഡീസെന്‍ട്രലൈസേഷന്‍ ആന്‍ഡ് ഇംക്ലൂസീവ് ഡെവലപ്‌മെന്റ് ബില്‍ ആണ് ആന്ധ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇക്കാര്യം അഡ്വക്കറ്റ് ജനറല്‍ ആന്ധ്ര ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വിശാഖപട്ടണത്ത് പുതിയ സെക്രട്ടറിയേറ്റ് നിര്‍മിക്കാനുള്ള ഒരുക്കത്തിനിടെയാണ് ജഗന്‍മോഹന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം.അമരാവതിയെ ആന്ധ്രയുടെ തലസ്ഥാനമാക്കിക്കൊണ്ടുള്ള ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ വര്‍ഷമാണ് വൈഎസ്ആര്‍ സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനു പകരമായാണ് മൂന്നു തലസ്ഥാനങ്ങള്‍ എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. മൂന്നു മേഖലകള്‍ക്കും തുല്യ പരിഗണനയും വികസനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കമെന്നാണു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, തീരുമാനത്തിനെതിരെ സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നു. മൂന്നു തലസ്ഥാന നീക്കത്തിനെതിരെ 700 ദിവസത്തോളം കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളും നടന്നു. വിശാഖപട്ടണത്തും കര്‍ണൂലിലുമെല്ലാം കൃഷിഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കവും വന്‍പ്രതിഷേധത്തിനിടയാക്കി. ഈ മാസം ആദ്യത്തില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ അമരാവതിയില്‍നിന്ന് തിരുപ്പതിയിലേക്കുള്ള 45 ദിന കാല്‍നട യാത്ര തുടരുന്നതിനിടെയാണ് പുതിയ സര്‍ക്കാര്‍ തീരുമാനം വരുന്നത്.
Tags:    

Similar News