പയ്യന്നൂരില്‍ നിരവധി കേസുകളില്‍ പ്രതിയായ ആര്‍എസ്എസുകാരന്റെ വീടിനു സമീപം സ്‌ഫോടനം
കണ്ണൂര്‍: പയ്യന്നൂരില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ആര്‍എസ്എസുകാരന്റെ വീടിനു സമീപം സ്‌ഫോടനം. സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസ് പ്രതിയും ആര്‍എസ്എസ് പയ്യന്നൂര്‍ താലൂക്ക് മുന്‍ കാര്യവാഹകുമായിരുന്ന ആലക്കാട് ബിജു എന്ന കാനാമീത്തലെ വീട്ടില്‍ ബിജുവിന്റെ വീടിന് സമീപമാണ് ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ബിജുവിന്റെ വളര്‍ത്തുനായ ചത്തു. വീട്ടില്‍ സൂക്ഷിച്ച ബോംബ് വളര്‍ത്തുനായ കടിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് സംശയം. നായയെ പിന്നീട് സമീപത്തെ വീട്ടുപറമ്പിലെ പൊട്ടക്കിണറ്റില്‍ തല ചിതറിയ നിലയിലാണ് കണ്ടെത്തിയതെന്നാണ് വിവരം. എന്നാല്‍, വീട്ടിനുള്ളിലാണോ സ്‌ഫോടനമെന്ന് സ്ഥിരീകരിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. കുന്നരു ധനരാജ് വധക്കേസ് ഉള്‍പ്പെടെ എട്ടോളം കേസുകളിലെ പ്രതിയായ ബിജുവിനെതിരേ നേരത്തേ കാപ്പ ചുമത്തിയിരുന്നു. നേരത്തേ വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഇയാളുടെ കൈപ്പത്തി തകര്‍ന്നിരുന്നു. മറ്റൊരിക്കല്‍ ബിജുവിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ മാതാവിന് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു. ധനരാജ് കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക അനുസ്മരണം നടന്ന് ദിവസങ്ങള്‍ക്കിടെയാണ് സ്‌ഫോടനം എന്നത് പോലിസ് ഗൗരവമായാണ് കാണുന്നത്.