പയ്യന്നൂര്‍ പെരുമ്പയില്‍ വന്‍ കവര്‍ച്ച; വീട്ടില്‍നിന്ന് 80 പവന്‍ മോഷണം പോയി
കണ്ണൂര്‍: പയ്യന്നൂരിനടുത്ത് പെരുമ്പയില്‍ വന്‍ കവര്‍ച്ച. 80 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. പെരുമ്പ ജുമാഅത്ത് പള്ളിക്ക് പിറകുവശം താമസിക്കുന്ന റിട്ട. വില്ലേജ് ജീവനക്കാരന്‍ വലിയ പീടികയില്‍ ആമുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ആമു അസുഖബാധിതനായി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നതിനാല്‍ ഭാര്യ സുഹ്‌റ അദ്ദേഹത്തെ പരിചരിക്കാനായി അവിടെയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഒരു കുട്ടിയും രണ്ട് സ്ത്രീകളും മുകളിലെ നിലയിലായിരുന്നു ഉറങ്ങിയത്. രാവിലെയാണ് മോഷണവിവരം അറിഞ്ഞത്. മൂന്ന് മുറികളിലായി അലമാരകളില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.