'കശ്മീര്‍ ഫയല്‍സ്': 15 ലക്ഷത്തിലേറെ കശ്മീരികളുടെ അരുംകൊല മറവിക്ക് വിട്ട് 650 പണ്ഡിറ്റുകളുടെ മരണത്തില്‍ വിലപിക്കുമ്പോള്‍
പണ്ഡിറ്റുകളുടെ ദുരവസ്ഥയെ അഭ്രപാളിയില്‍ പകര്‍ത്തുന്ന സിനിമ, കശ്മീരി മുസ്‌ലിംകളെ പൈശാചിക വല്‍ക്കരിക്കാനും കൊണ്ടുപിടിച്ച ശ്രമം നടത്തുന്നു.
ന്യൂഡല്‍ഹി: കശ്മീര്‍ പണ്ഡിറ്റുകളുടെ ദുരിത ജീവിതത്തിലേക്ക് വെളിച്ചംവീശുന്നതെന്ന് അണിയറ പ്രവര്‍ത്തകരും സംഘപരിവാരവും അവകാശപ്പെടുന്ന 'കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ ഇക്കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലുടനീളം റിലീസ് ചെയ്തത്. കൊണ്ടുപിടിച്ച പ്രചാരണങ്ങളോടെ അകമ്പടിയോടെയാണ് ചിത്രം അഭ്രപാളികളിലെത്തിയത്. 90 കളിലെ കലാപകാലത്ത് ദുരിതമനുഭവിച്ച കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയാണ് സിനിമ 'ഹൈലൈറ്റ്' ചെയ്യുന്നത്.
റിലീസിന് തൊട്ടുപിന്നാലെ, ചിത്രം തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. പലരും അതിനെ താഴ്‌വരയിലെ സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ പ്രതിനിധാനം എന്നാണ് വിശേഷിപ്പിച്ചത്. പണ്ഡിറ്റുകളുടെ ദുരവസ്ഥയെ അഭ്രപാളിയില്‍ പകര്‍ത്തുന്ന സിനിമ, കശ്മീരി മുസ്‌ലിംകളെ പൈശാചിക വല്‍ക്കരിക്കാനും കൊണ്ടുപിടിച്ച ശ്രമം നടത്തുന്നു.
ഗോദി മീഡിയകളും സംഘപരിവാര സോഷ്യല്‍ മീഡിയ ഹാന്റിലുകളും റിലീസിനു പിന്നാലെ സിനിമയെ മുസ്‌ലിം വിദ്വേഷ പ്രചാരണത്തിനും വ്യാപകമായി ഉപയോഗിക്കുകയാണ്.
90കളിലെ കലാപനാന്തരം 650 കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടതായി സിനിമ അവകാശപ്പെടുമ്പോള്‍ താഴ്‌വരയില്‍ ദശാബ്ദങ്ങള്‍ക്കിടെ അരും കൊല ചെയ്യപ്പെട്ട 15 ലക്ഷത്തിലേറെ വരുന്ന കശ്മീരികളെക്കുറിച്ച് കുറ്റകരമായ മൗനംപാലിക്കുകയാണ്.
കശ്മീരില്‍ അവശേഷിക്കുന്ന പണ്ഡിറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സംഘടനയായ കശ്മീരി പണ്ഡിറ്റ് സംഗരാഷ് സമിതി 2011ല്‍ പുറത്തുവിട്ട കണക്കുപ്രകാരം താഴ്‌വരയില്‍ ആകെ കൊല്ലപ്പെട്ടത് 650 പണ്ഡിറ്റുകളാണെന്ന് വ്യക്തമാക്കുന്നു.
ഹരിയാനയിലെ സമല്‍ഖയില്‍ നിന്നുള്ള ആക്ടിവിസ്റ്റ് പി പി കപൂറിന് 2021 വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ഇതിലും വളരെകുറവാണ് കശ്മീരില്‍ കൊല്ലപ്പെട്ട പണ്ഡിറ്റുകളെന്ന് വ്യക്തമാക്കുന്നുണ്ട്. 1990ല്‍ സായുധ കലാപം ആരംഭിച്ചതു മുതല്‍ ആക്രമണങ്ങളില്‍ കേവലം 89 കശ്മീരി പണ്ഡിറ്റുകള്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
വിവരാവകാശ രേഖ പ്രകാരം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 1724 പേരാണ് കശ്മീരില്‍ സായുധസംഘങ്ങളാല്‍ കൊല്ലപ്പെട്ടത്.അവരില്‍ 1600ലധികം പേരും മുസ്‌ലിംകളായിരുന്നു. കശ്മീരില്‍ സായുധസംഘങ്ങളാല്‍ കൊല്ലപ്പെട്ടവരില്‍ ഏകദേശം 5% മാത്രമാണ് കശ്മീരി പണ്ഡിറ്റുകളെന്ന് കപൂര്‍ വ്യക്തമാക്കുന്നു. ശേഷിക്കുന്ന 95 ശതമാനവും മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവരാണ്.
കലാപം ആരംഭിച്ചതിന് ശേഷം 15.20 ലക്ഷം പേര്‍ (സായുധര്‍, സൈനികര്‍, സാധാരണക്കാര്‍)മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ (ഗാംഗുലി, 1996 ബി, 77).കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കശ്മീരി മുസ്‌ലിം സിവിലിയന്മാരാണ്.
2011ലെ അല്‍ജസീറ റിപ്പോര്‍ട്ടില്‍ പണ്ഡിറ്റ് ഹിന്ദു വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് മോത്തിലാല്‍ ഭട്ട്കശ്മീരില്‍ കൊല്ലപ്പെട്ട പണ്ഡിറ്റുകളുടെ എണ്ണം 219 ആണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇത് സര്‍ക്കാറിന്റെ കണക്ക് കൂടിയാണ്.
1990 ജനുവരി 19നാണ് പണ്ഡിറ്റുകള്‍ താഴ്‌വര വിടാന്‍ തുടങ്ങിയത്.ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കനുസരിച്ച് ഒരു ലക്ഷത്തോളം പണ്ഡിറ്റുകള്‍ 'സര്‍ക്കാരിന്റെ പ്രോത്സാഹനവും സഹായവും കൊണ്ട്' താഴ്‌വര വിട്ടു.
ഏകദേശം 1,40,000 പേര്‍ സായുധപ്രവര്‍ത്തനം മൂലം കുടിയേറിയതായും 3000 ത്തിലധികം പേര്‍ താഴ്‌വരയില്‍ തങ്ങിയതായും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യാ ഗവണ്‍മെന്റും അന്നത്തെ ഗവര്‍ണറായിരുന്ന ജഗ്‌മോഹനും പണ്ഡിറ്റുകളെ പലായനം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചിരുന്നതായി താഴ്‌വരയിലെ പലരും വിശ്വസിക്കുന്നു. പണ്ഡിറ്റുകള്‍ ഒഴിഞ്ഞു പോവുന്നതോടെ മുസ്‌ലിംകള്‍ക്കെതിരേ കൂടുതല്‍ സമഗ്രമായി പ്രതികാര നടപടികള്‍ നടത്താമെന്ന കണക്കുകൂട്ടലിലോടെയാണ് പണ്ഡിറ്റുകള്‍ പ്രദേശം ഒഴിയാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയത്. പലായനത്തിനു ശേഷം, കശ്മീരി പണ്ഡിറ്റുകളെ വിവിധ വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകള്‍ 'ബലിയാടുകളായി' ഉപയോഗിച്ചു വരികയായിരുന്നു.
പണ്ഡിറ്റുകളെ വിവിധ ടിവി ചാനലുകള്‍ അവരുടെ അജണ്ടകള്‍ക്ക് അനുസൃതമായി മോശമായി ചിത്രീകരിക്കുകയാണെന്ന് 2021ല്‍, കാശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി (കെപിഎസ്എസ്) കുറ്റപ്പെടുത്തിയിരുന്നു.കശ്മീരി പണ്ഡിറ്റുകള്‍ സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ടിവിയിലെ കശ്മീര്‍ കേന്ദ്രീകൃത സംവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ഓര്‍ഗസേഷന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഈ ഘട്ടത്തില്‍, അത്തരം സെന്‍സിറ്റീവ് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമ താഴ്‌വരയിലും പൊതുവെ ഇന്ത്യയിലും ഭിന്നത കൂടുതല്‍ വ്യാപിപ്പിക്കുമെന്നാണ് നിഷ്പക്ഷമതികളുടെ വിലയിരുത്തല്‍.
സിനിമാ ഹാളുകള്‍ക്ക് പുറത്ത് തടിച്ച കൂടിയവര്‍ 'ജയ് ശ്രീ റാം'ഉം മറ്റ് ഹിന്ദു മുദ്രാവാക്യങ്ങളും മുഴക്കുന്ന നിരവധി ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിനിടെ, കശ്മീരി പണ്ഡിറ്റ് പ്രശ്‌നം സംഘപരിവാരം അവരുടെ ഒളിയജണ്ടകള്‍ നടപ്പാക്കാനുള്ള ഉപകരണമാക്കുകയാണ്.