ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത: സാങ്കേതിക പഠനത്തിന് തുടക്കമായി
സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധറോഡും രണ്ടുവരി പാതയായി നിര്‍മ്മിക്കും.
കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണത്തിന്റെ ഭാഗമായുള്ള സാങ്കേതിക പഠനത്തിന് തുടക്കമായി. വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ സംഘവും പൊതുമരാമത്ത് അധികൃതരും തുരങ്കപാത പദ്ധതി തുടങ്ങുന്ന മറിപ്പുഴയിലെത്തി സാധ്യതകള്‍ വിലയിരുത്തി.
കെആര്‍സിഎല്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ മുരളിധറിന്റെ നേതൃത്വത്തിലെത്തിയ 16 അംഗ സംഘം സര്‍വേ, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവ നടത്തി വിശദമായ പദ്ധതിരേഖ തയ്യാറാക്കും. മൂന്നു മാസത്തിനകം വിശദമായ പദ്ധതി റിപ്പോര്‍ട്ട് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പാത കടന്നുപോകുന്ന ഭാഗത്തെ വനാതിര്‍ത്തി നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, വനംവകുപ്പ് അധികൃതരും കെആര്‍സിഎല്‍ സംഘവും സ്വര്‍ഗംകുന്ന് ഭാഗത്തെത്തി ബുധനാഴ്ച പരിശോധന നടത്തും.
34 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ അറിയിച്ചതെന്ന് ജോര്‍ജ് എം തോമസ് എംഎല്‍എ പറഞ്ഞു. പദ്ധതിക്കായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 658 കോടിയുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഉരുള്‍പൊട്ടിയാലും വെള്ളം പുഴയില്‍കൂടി തന്നെ ഒഴുകിപോകാന്‍ കഴിയുന്ന തരത്തില്‍ ഉയരം ക്രമീകരിച്ചാണ് പദ്ധതിക്കാവശ്യമായ പാലം നിര്‍മ്മിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സര്‍വേ, മണ്ണ് പരിശോധന എന്നീ രണ്ടു വിഭാഗങ്ങളിലായി എട്ട് വീതം വിദഗ്ധരാണ് കെആര്‍സിഎല്‍ സംഘത്തിലുള്ളത്. രണ്ടു മാസം സ്ഥലത്ത് താമസിച്ചാണ് സംഘം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുക. പദ്ധതിയുടെ സര്‍വേ പ്രവര്‍ത്തനങ്ങളടക്കമുള്ള പഠനങ്ങള്‍ നടത്താനായി ക്യുമാക്‌സ് എന്ന കണ്‍സള്‍ട്ടന്‍സിയെയാണ് കെആര്‍സിഎല്‍ ചുമതലപ്പെടുത്തിയത്.
കെആര്‍സിഎല്‍ സമര്‍പ്പിച്ച നാല് അലൈന്‍മെന്റില്‍ വയനാട്ടിലെയും കോഴിക്കോട്ടെയും പ്രകൃതിക്ഷോഭങ്ങള്‍ കൂടി കണക്കിലെടുത്തുള്ള അലൈന്‍മെന്റാണ് വിശദപഠനത്തിനായി തെരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അനുമതിക്കായി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ. വിനയരാജ് പറഞ്ഞു. പഠനത്തിന്റെ ഭാഗമായി ഏരിയല്‍ സര്‍വേയും ഫീല്‍ഡ് സര്‍വേയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തുരങ്കപാത എത്തുന്ന വയനാട്ടിലെ കള്ളാടി സംഘം ബുധനാഴ്ച സന്ദര്‍ശിക്കും.
സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തിയ തുരങ്കപാതയുടെ ഔദ്യോഗിക ലോഞ്ചിംഗ് ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറിപ്പുഴ ഭാഗത്ത് 70 മീറ്റര്‍ നീളത്തില്‍ പാലവും അനുബന്ധ റോഡും നിര്‍മ്മിക്കും. സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധറോഡും രണ്ടുവരി പാതയായി നിര്‍മ്മിക്കും.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് ഗീതാ വിനോദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടോമി കൊന്നക്കല്‍, വില്‍സന്‍ താഴത്ത്പറമ്പില്‍, ക്യുമാക്‌സ് കണ്‍സള്‍ട്ടന്‍സി ടെക്‌നിക്കല്‍ അസിസ്റ്റന്റ് അശ്വന്ത് ജാദവ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.